പത്തനംതിട്ട : കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിനു പ്രധാനമായി ഉപയോഗിക്കേണ്ട മാസ്‌ക്ക് നിര്‍മ്മിച്ച് അധികൃതര്‍ക്കു നല്‍കി മാതൃകയാകുകയാണ് ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷന്‍(എ.കെ.ടി.എ) ഭാരവാഹികള്‍. ജില്ലയില്‍ എ.കെ.ടി.എ 10000 സൗജന്യ തുണി മാസ്‌ക്കുകള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി സേവനത്തില്‍ മുഴുകിയിരിക്കുന്ന വിവിധ വകുപ്പ് ജീവനക്കാര്‍ക്കായി തയ്യാറാക്കി നല്‍കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ എ.കെ.ടി.എ അംഗങ്ങള്‍ക്കായി 5000 സൗജന്യ മാസ്‌ക്കുകളും തയ്യാറാക്കുന്നുണ്ട്.
കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ജി രാജന്‍, ജോയിന്റ് സെക്രട്ടറി എം.വി ജേക്കബ് എന്നിവര്‍ 500 മാസ്‌ക്കുകള്‍ കൈമാറി. ജില്ലയില്‍ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 250, തിരുവല്ല താലൂക്ക് ആശുപത്രി 500, അടൂര്‍ ജനറല്‍ ആശുപത്രി 250, പുളിക്കീഴ് പോലീസ് സ്റ്റേഷന്‍ 300 എന്നിങ്ങനെ സൗജന്യ തുണി മാസ്‌ക്കുകള്‍ സംഘടന വിതരണം നടത്തിക്കഴിഞ്ഞു. ഓള്‍ കേരള ടെയിലേസ് അസോസിയേഷന്‍ സംസ്ഥാനത്ത് മുഴുവനായി സംഘടന അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏഴു ലക്ഷം സൗജന്യ തുണി മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു വിതരണം
നടത്താനാണ് ലക്ഷ്യമിടുന്നത്.