ആഗ്ര : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ താജ്മഹൽ ഉടൻ തുറക്കില്ല. ആഗ്രയിലെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. താജ്മഹലിനൊപ്പം ആഗ്രകോട്ട, അക്ബർ തോംബ് എന്നിവയും തുറക്കില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന രാജ്യത്തെ എല്ലാ സ്മാരകങ്ങളും വിനോദസഞ്ചാരികള്‍ക്കായി ഇന്ന് മുതൽ തുറക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഡല്‍ഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്മാരങ്ങൾ ഇന്നു മുതൽ പ്രവർത്തിക്കും. സുരക്ഷാ മുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ആയിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് മാസത്തില്‍ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എല്ലാ സ്മാരകങ്ങളും അടച്ചു പൂട്ടിയിരുന്നു. ആഗ്രയില്‍ മാത്രം 1225 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 89 പേര്‍ മരണപ്പെടുകയും ചെയ്തു. യു.പിയില്‍ 26554 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 773 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. 24000 പേര്‍ക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കോവിഡ് ബാധിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 6,97,413 ആണ്. രാജ്യത്തെ ആക്ടീവ് കേസുകള്‍ 2,53,287 ആണ്. 19,693 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.