വാഷിങ്ടന്‍ : അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച് -1 ബി വീസാ നയം മൂലം തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു മുന്നിലാണ് എച്ച് -1 ബി വീസാ നയത്തിന്റെ പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ അവതരിപ്പിച്ചത്. യുഎസില്‍നിന്ന് തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ കാനഡയിലേക്ക് ഒഴുകുന്നതു തടയാന്‍ യുഎസ് കോണ്‍ഗ്രസ് സത്വര നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് നടപടി ഉണ്ടായില്ലെങ്കില്‍ തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം നേരിടേണ്ടിവരുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. തൊഴില്‍ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരും വിദ്യാര്‍ഥികളും ഇപ്പോള്‍ അമേരിക്കയേക്കാള്‍ കാനഡയാണു പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച് -1 ബി വീസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും മറ്റുമാണ് ഇതിനു കാരണം. സ്ഥിരതാമസത്തിനു അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേവര്‍ഷങ്ങളായി അമേരിക്കയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായി. അതേസമയം കാനഡ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 2016ലെ 76,075ല്‍ നിന്നും 2018ല്‍ 1,72,625 ആയി വര്‍ധിച്ചു. കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും ആന്‍ഡേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.