കോഴിക്കോട് : ഇസ്‌ലാം മത വിശ്വാസികള്‍ക്കെതിരെ ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും വര്‍ഗീയ പമാര്‍ശങ്ങളുമായി കൈപ്പുസ്തകം ഇറക്കിയതില്‍ താമരശ്ശേരി രൂപത ഖേദം പ്രകടിപ്പിച്ചു. ഒരു വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു മതത്തോടോ വിശ്വാസത്തോടോ രൂപതക്ക് വിവേചനമില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ബോധവത്കരണമെന്ന നിലക്കാണ് പുസ്തകം ഇറക്കിയതെന്നും രൂപത അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ തള്ളിപ്പറഞ്ഞിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി താമരശ്ശേരി രൂപ തയ്യാറാക്കിയ കൈപ്പുസ്തകത്തിലാണ് ലവ് ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നത് ഉള്‍പ്പെടെയുള്ള വിവാദ പരാമര്‍ശങ്ങളുള്ളത്. ലവ് ജിഹാദിന്റെ ഭാഗമായി മുസ്‌ലിം യുവാക്കള്‍ പെണ്‍കുട്ടികളെ കണ്ടെത്തുന്നത് മുതല്‍ വിവാഹം കഴിക്കുന്നത് വരെയുള്ള നീക്കങ്ങളെന്ന പേരില്‍ ഒമ്പത് കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്.
സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പേരിലാണ് സത്യത്തോട് പുലബന്ധം പോലുമില്ലാത്ത കാര്യങ്ങള്‍ പുസ്തകമാക്കി വിതരണം ചെയ്തത്. ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മതപഠന ക്ലാസ്സിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിനായാണ് പുസ്തകം തയ്യാറാക്കിയത്. നാല് ഭാഗങ്ങളായുള്ള പുസ്തകത്തിന്റെ നാലാം ഭാഗത്തിലെ 31-ാം ചോദ്യം പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ എന്നാണ്. ഇതിന്റെ വിശദീകരണത്തിലാണ് ഒമ്പത് ഘട്ടങ്ങളിലായാണ് ലവ് ജിഹാദ് നടപ്പാക്കുന്നതെന്ന് വിവരിക്കുന്നത്.
മത വ്യാപനം ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ജിഹാദുകള്‍ മുസ്‌ലിം തീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ടെന്നും അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ലവ് ജിഹാദാണെന്നും പറഞ്ഞാണ് വിശദീകരണം തുടങ്ങുന്നത്. അമുസ്‌ലിം പെണ്‍കുട്ടികളേയും സ്ത്രീകളേയും പ്രണയം നടിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്‌ലിം യുവാക്കളേയും യുവതികളേയും പ്രത്യേക പരിശീലനം നല്‍കി സജ്ജമാക്കുന്നുവെന്നും വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നുവെന്നും പുസ്തകം പറയുന്നു.
ലവ് ജിഹാദ് ഘട്ടങ്ങള്‍
ലവ് ജിഹാദിന്റെ ഒമ്പത് ഘട്ടങ്ങളായി താമരശ്ശേരി രൂപത പറയുന്ന കാര്യങ്ങള്‍ 1- പെണ്‍കുട്ടിയെ തിരഞ്ഞെടുക്കല്‍, 2- പരിചയപ്പെടല്‍, 3- ബന്ധം ദൃഢമാക്കല്‍, 4- വിവാഹത്തെ കുറിച്ചുള്ള ധാരണകള്‍, 5- വിവാഹ വാഗ്ദാനം, കൈവിഷം അഥവാ ഓതിക്കെട്ടല്‍, 6- ലൈംഗിക ബന്ധം, ദുരുപയോഗം ചെയ്യല്‍ (ഇതിന് തയ്യാറായില്ലെങ്കില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നു, മോര്‍ഫിംഗ് ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുന്നു), 7- കുടുംബത്തില്‍ നിന്ന് അകറ്റുന്നു, സമൂഹത്തിലെ വില കളയുന്നു, 8- നിയമപരമായി സ്വന്തമാക്കുക, 9-വിവാഹ ജീവിതം, മതം മാറ്റം എന്നിവയാണ്.
അഞ്ചാമത്തെ ഘട്ടമായ കൈ വിഷം അഥവാ ഓതിക്കെട്ട് ഇസ്‌ലാം മത പുരോഹിതന്മാര്‍ ചെയ്യുന്ന ആഭിചാര ക്രിയയാണെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്വന്തമാക്കിയോ പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ആഭിചാര ക്രിയ നടത്തും. ഇവ സാധാരണ സ്പര്‍ശനത്തില്‍ പോലും വശീകരണത്തിലേക്ക് എത്തിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം മാന്ത്രിക കെട്ടുകള്‍ ബന്ധന പ്രാര്‍ഥനയിലൂടെയും പരിഹാര മരുന്നുകളിലൂടെയും പിതാക്കന്‍മാര്‍ക്കും അവര്‍ അധികാരം നല്‍കിയ വൈദികര്‍ക്കും മാറ്റിയെടുക്കാനാവുമെന്നുമാണ് താമരശ്ശേരി രൂപതയുടെ കണ്ടെത്തല്‍. സൗഹൃദം പ്രത്യേകം സൂക്ഷിക്കണം. പെരുന്നാള്‍ പോലോത്ത ദിവസങ്ങളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും ലവ് ജിഹാദിന്റെ ഭാഗമാണെന്നും പുസ്തകത്തില്‍ പറയുന്നു.
“ഇങ്ങനെ മതം മാറ്റിയാല്‍ ജിഹാദിക്കും കുടുംബത്തിനും മഹല്ലില്‍ നിന്നും ഇസ്‌ലാമിക സംഘടനകളില്‍ നിന്നും വലിയ തുക പ്രതിഫലം ലഭിക്കും. അന്യ മതസ്ഥയായ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്, സ്വര്‍ഗത്തിലെത്താനുള്ള വഴിയാണ്” എന്നിങ്ങനെയുള്ള ഗുരുതര പരാമര്‍ശങ്ങളാണ് ഇസ്‌ലാമിനെതിരെ പുസ്തകത്തില്‍ പറയുന്നത്.
വിവാദ പുസ്തകത്തിനെതിരെ വൈദികരില്‍ നിന്നു പോലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് താമരശ്ശേരി രൂപതയുടെ പുതിയ പുസ്തകമെന്നായിരുന്നു വ്യാപക വിമര്‍ശം. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പോലും വ്യാജ പ്രചാരണമെന്ന് കണ്ടെത്തിയ ലവ് ജിഹാദാണ് താമരശ്ശേരി രൂപത കുട്ടികളില്‍ വര്‍ഗീയത വളര്‍ത്താന്‍ പുസ്തകമായി അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നും വിമര്‍ശമുണ്ടായിരുന്നു.