തമിഴ്നാട് : സ്വകാര്യഹജ്ജ് ക്വാട്ട വെട്ടിക്കുറച്ച സൗദി അറേബ്യയുടെ നടപടിയിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വിഷയത്തിൽ ഇടപെട്ട് സൗദി ഹജ്ജ് മന്ത്രാലയത്തോട് സംസാരിച്ച് പരിഹാരം കാണണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വാട്ടയിൽ 80% കുറവ് വന്നതായാണ് റിപ്പോർട്ട്. 52,000 ഇന്ത്യക്കാരാണ് ഹജ്ജ് ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ഉണ്ടാകണം എന്ന് നാഷണൽ കോൺഫറൻസ് പാർട്ടിയും പിഡിപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ടൂർ ഓപ്പറേറ്റർമാർ കൃത്യ സമയത്ത് സൗദി അധികൃതർക്ക് പണം നൽകാൻ വൈകിയതും രേഖകൾ കൈമാറാൻ കാലതാമസം വരുത്തിയതുമാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സർക്കാരിന്‍റെ 2025-ലെ കേന്ദ്ര ഹജ്ജ് നയം അനുസരിച്ച് ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള മൊത്തം ഹജ്ജ് ക്വാട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കും ബാക്കി 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കുമായിരുന്നു നൽകിയിരുന്നത്. ഹജ്ജ് വിഷയത്തിൽ ന്യൂന പക്ഷ മന്ത്രാലയം സൗദിയിലെ ഹജ്ജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാനുള്ള നയതന്ത്ര മാർഗങ്ങൾ ഇതിനകം ആരംഭിക്കും.