കണ്ണൂര്‍ : സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വിമാനത്താവളത്തില്‍ ഉജ്വല സ്വീകരണം. ചെന്നൈയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ സ്റ്റാലിനെ മന്ത്രി എം.വി ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, ഡി.എം.കെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഎം പ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വൈകീട്ട് അഞ്ചിനാണ് സെമിനാര്‍. കേന്ദ്ര-സംസ്ഥാന ബന്ധത്തെപ്പറ്റിയുള്ള സെമിനാറില്‍ മുഖ്യാതിഥിയാണ് സ്റ്റാലിന്‍. കെ.വി തോമസ് സെമിനാര്‍ നയിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് സഹകരണമുള്ള തമിഴ്‌നാട് മോഡല്‍ ദേശീയതലത്തില്‍ വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പിയെ അകറ്റി നിര്‍ത്താന്‍ ദേശീയ സഖ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.