ചെന്നൈ : അഴിമതിക്കേസിൽ എഐഎംഡിഎംകെ നേതാക്കൾക്കെതിരെ വിചാരണ നടപടിക്ക് അനുമതി നല്‍കി തമിഴ്നാട് ഗവർണർ ആർഎൻ രവി. മുൻ മന്ത്രിമാരായ വിജയഭാസ്കർ, പി വി രമണ എന്നിവർക്കെതിരായ നടപടിക്കാണ് അനുമതി. ഗുട്‌ക അഴിമതി കേസിലാണ് നടപടി. ഇവർക്കെതിരെ 14 മാസം മുൻപാണ് ഡിഎംകെ സർക്കാർ നടപടിക്ക് അനുമതി തേടിയത്. എന്നാൽ നിയമപരിശോധന തുടരുന്നെന്ന ന്യായീകരണം പറഞ്ഞ് നടപടി വൈകിപ്പിക്കുകയായിരുന്നു ഗവർണർ. സുപ്രീം കോടതി ഇന്ന് അതിരൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് രാജ്ഭവൻ ഇക്കാര്യത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടപടിയെടുത്തത്. സർക്കാർ കത്ത് നൽകിയ ശേഷം രാജ്ഭവൻ ഇത്രയും നാൾ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെന്തിൽ ബാലാജി കേസ് ഉയർന്നതിന് പിന്നാലെ വിഷയം ഡിഎംകെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
എന്നാൽ ഇതിനിടെ എൻഡിഎ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുകയാണ് സംസ്ഥാനത്ത് എഐഎഡിഎംകെ നേതൃത്വം. ഡിഎംകെയുടെ രാഷ്ട്രീയ വിജയമായി കൂടിയാണ് മുൻ മന്ത്രിമാർക്കെതിരായ വിചാരണ നടപടി വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരായ ഹർജി പരിഗണിക്കവേ ബില്ലുകൾ സർക്കാരിന് തിരികെ അയ്ക്കാൻ കോടതി ഇടപെടൽ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചിരുന്നു. മൂന്ന് വർഷമായി ബില്ലുകളിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ കോടതിയിൽ വന്നപ്പോൾ മാത്രമാണ് ഗവർണർ നടപടിയെടുത്തതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവർണർക്ക് ബില്ലുകൾ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്നാട് സർക്കാർ വാദിച്ചു. നിയമസഭാ ബില്ലുകൾ പാസാക്കി ഗവർണർക്ക് വീണ്ടും അയച്ച കാര്യം സർക്കാർ കോടതിയെ ധരിപ്പിച്ചു. തമിഴ്നാടിൻറെ ഹർജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.