ചെന്നൈ: കുളിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി. കുളിച്ചുകൊണ്ട് സ്‌കൂട്ടര്‍ ഓടിച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വീഡിയോ വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥര്‍ യുവാവിനെ തിരഞ്ഞെത്തി. ഒടുവില്‍ യുവാവിനെ കണ്ടെത്തുകയും 2000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം.
വീഡിയോയില്‍ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച ഒരാള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതും ബക്കറ്റ് നിറയെ വെള്ളവും ഒരു മഗ്ഗുമായി പോകുന്നതും കാണാം. ഒരു കൈകൊണ്ട് ദേഹത്ത് വെള്ളം ഒഴിക്കുകയും മറ്റേ കൈകൊണ്ട് സ്‌കൂട്ടര്‍ ബാലന്‍സ് ചെയ്യുകയും ആയിരുന്നു ഇയാള്‍. വീഡിയോ വൈറലായതിനെ തുടര്‍ന്ന് പോലീസ് വിഷയം അന്വേഷിച്ചു. തമിഴ്നാട് സ്വദേശിയായ അരുണാചലം ആണ് വീഡിയോയിലുള്ളത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനും മറ്റ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കിയതിനും പിഴ ചുമത്തുകയായിരുന്നു.