ദില്ലി : മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം നൽകിയ അപേക്ഷക്ക് തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാംങ്മൂലം നൽകിയേക്കും. മേൽനോട്ട സമിതി ആവശ്യമായ ഇടപെടൽ നടത്തുന്നില്ല, ആശങ്കകൾ തമിഴ്നാട് പരിഗണിക്കുന്നില്ല തുടങ്ങിയ പരാതികളാണ് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.
കേരളത്തിന്‍റെ അപേക്ഷയിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് ബുധനാഴ്ച പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പായി ഇന്നുതന്നെ തമിഴ്നാട് മറുപടി നൽകാനാണ് സാധ്യത. ജസ്റ്റിസ് എ എം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് മൂലം പെരിയാര്‍ തീരത്തെ വീടുകളിൽ വെള്ളം കയറുന്നതടക്കമുള്ള വിഷയങ്ങൾ കേരളം അപേക്ഷയിൽ ചൂണ്ടി കാണിച്ചിരുന്നു. ജനജീവിതം അപകടത്തിലാക്കുന്ന തമിഴ്നാടിന്‍റെ നടപടി തടയണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവിലും തീരുമാനം എടുക്കാൻ കേരള തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെട്ട ഒരു സാങ്കേതിക സമിതി രൂപീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിക്കാൻ കേരള കോൺഗ്രസ് തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് എംഎൽഎയും സംസ്ഥാന നേതാക്കളും സമരത്തില്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് ഉപവാസ സമരം. മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിൻ്റെ ആവശ്യം.