ചെന്നൈ : തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന രാമസ്വാമി എന്ന പുലമൈ പിത്തന്‍ നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1968ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. നായകനായ ‘കുടിയിരുന്ത കോയില്‍’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്.
എം.ജി.ആര്‍., ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങിയ മുന്‍നിര നായകര്‍ക്കെല്ലാം വേണ്ടി പാട്ടെഴുതിയിട്ടുണ്ട്. എം. ജി.ആര്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ യുടെ ഭാഗമായി. എം.ജി.ആര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.
1935 ല്‍ കോയമ്പത്തൂരിലാണ് ജനനം. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി. ഭാര്യയും രണ്ടു മക്കളും ഉണ്ട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി എന്നിവരടക്കമുള്ള പ്രമുഖര്‍ നിര്യാണത്തില്‍ അനുശോചിച്ചു.