ചെന്നൈ : തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരനും വിജയകാന്തും തമ്മില്‍ കൈകോര്‍ത്തു. ദിനകരന്റെ അമ്മാ മക്കള്‍ മുന്നേറ്റ കഴകം നയിക്കുന്ന മുന്നണിയില്‍ 60 സീറ്റില്‍ ഡിഎംഡികെ മത്സരിക്കും. അതേ സമയം പ്രചാരണവുമായി കളം നിറയുകയാണ് എം.കെ സ്റ്റാലിന്‍.
തമിഴ്നാടിന്റെ അധികാരം പിടിക്കാനായി രൂപീകരിക്കപ്പെട്ട നാലാമത്തെ മുന്നണിയാണ് ടി.ടി.വി ദിനകരന്റെ നേതൃത്വത്തിലേത്. ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യവും കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള സഖ്യവും നേരത്തേ തന്നെ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പൂര്‍ത്തിയാക്കിയതാണ്. എന്‍ഡിഎ വിട്ട വിജയ്കാന്തിന്റെ ഡിഎംഡികെ രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ദിനകരനുമായി കൈകോര്‍ക്കുമ്പോള്‍ പല മണ്ഡലങ്ങളിലും മുന്നണിയ്ക്ക് പത്തായിരത്തിലധികം വോട്ട് ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വോട്ടുകള്‍ എന്‍ഡിഎ ക്യാമ്പിനാണ് നഷ്ടമുണ്ടാക്കുക.
അതേ സമയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രകടന പത്രികാ പ്രകാശനത്തിനും ശേഷം പ്രചാരണം ശക്തമാക്കുകയാണ് ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഒരുമാസക്കാലം തമിഴ്നാട്ടിലാകെ സഞ്ചരിച്ച് ശേഖരിച്ച ജനങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ പെട്ടികളും കൊണ്ട് സ്റ്റാലിന്‍ വാര്‍ത്താ സമ്മേളനം നടത്തി. അധികാരത്തിലേറിയതിന്റെ പിറ്റേ ദിവസം പെട്ടി തുറന്ന് ആവശ്യങ്ങളോരോന്നായി പരിഗണിക്കും. നൂറ് ദിവസത്തിനകം പരിഹാരമുണ്ടാക്കും. ഇതിനായി പ്രത്യേക വകുപ്പ് തന്നെ പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് പ്രാചരണം നാളെ കരുണാനിധിയുടെ ജന്‍മ നാടായ തിരുവാരൂരില്‍ നിന്ന് ആരംഭിക്കും.