തിരുവനന്തപുരം : കപ്പ സ്പിരിറ്റാകുന്നതെങ്ങനെ എന്ന് കര്‍ഷകര്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണ്. സ്പിരിറ്റാകുമെങ്കില്‍ കപ്പയുടെ വില കൂടുമോ എന്നതാണ് കര്‍ഷകര്‍ക്കറിയേണ്ടത്. കപ്പയുടെ വില ഇടിഞ്ഞതും കെട്ടിക്കിടക്കുന്നതും കപ്പ കര്‍ഷകര്‍ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കപ്പ വില്‍ക്കുമ്പോള്‍ കര്‍ഷകനു കിട്ടുന്ന വില കിലോയ്ക്ക് 6 – 7 രൂപ വരെ. ലോക്ഡൗണായതോടെ കപ്പ വീണ്ടും കുടുങ്ങി. ഹോട്ടലുകളിലും മറ്റും ആവശ്യം കുറഞ്ഞു. കര്‍ഷകര്‍ക്ക് ഇത് വിപണിയില്‍ എത്തിക്കാനുമാകുന്നില്ല. ഇതോടെയാണ് കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി നിര്‍ദ്ദേശം വെച്ചത്.
ഇതിനിടെ ഹോര്‍ട്ടികോര്‍പ്പിന് മറ്റൊരു ആശയമുദിച്ചു. കര്‍ഷകരില്‍ നിന്ന് കപ്പ ശേഖരിച്ച് ഉണക്കി അരക്കിലോയോ ഒരു കിലോയോ വെച്ച് ഭക്ഷ്യക്കിറ്റിനൊപ്പം നല്‍കാനാണ് തീരുമാനം. 7000 ടണ്‍ കപ്പയെങ്കിലും വില്‍പ്പന നടക്കാതെ കിടക്കുന്നുവെന്നും ഇത് ശേഖരിക്കാമെന്നുമാണ് കരുതുന്നത്. പക്ഷേ ഉണക്കിയെടുക്കാന്‍ മാര്‍ഗമില്ലെന്നതാണ് പ്രശ്‌നം. ദിവസം 2 ടണ്‍ ഉണക്കിയെടുക്കുന്നതിനേ നിലവില്‍ മാര്‍ഗമുള്ളു. എങ്കിലും കപ്പ ശേഖരിക്കാന്‍ ഉടന്‍ നടപടി തുടങ്ങും.
2014-15ല്‍ 75493 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്ത് 30 ലക്ഷം ടണ്‍ കപ്പയായിരുന്നു ഉല്‍പാദനം. പ്രളയമുണ്ടായ 2018 – 19ല്‍ 61,874 ഹെക്ടറില്‍ 24 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നു. 2020ലും ഉല്‍പാദനം വര്‍ധിച്ചു. 62,070 ഹെക്ടറില്‍ കൃഷി നടന്നപ്പോള്‍ 26 ലക്ഷം ടണ്‍ ഉല്‍പാദനം നടന്നുവെന്നാണ് കൃഷിവകുപ്പിന്റെ കണക്കുകള്‍.