കോന്നി : ശബരിമല മണ്ഡല കാലം അടുത്തെത്തിയപ്പോൾ കോന്നി – അട്ടച്ചാക്കൽ – കുമ്പഴ റോഡിൽ ചാങ്കൂർ മുക്കിൽ റോഡിലെ ടാറിങ് ഇടിഞ്ഞു താഴ്ന്നത് അപകട കെണിയായി മാറുന്നു. കഴിഞ്ഞ പ്രളയ കാലത്ത് ഇടിഞ്ഞു താഴ്ന്നതാണ് ഇതേ റോഡിലെ ചാങ്കൂർ മുക്ക് ഭാഗം. തുടർന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ഈ ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി ഉയർത്തിയാണ് ഗതാഗതം പൂർവ്വ സ്ഥിതിയിൽ ആക്കിയത്. എന്നാൽ കരിങ്കൽ ഭിത്തി കെട്ടിയ ഭാഗത്ത് റോഡിനും ഭിത്തിക്കും ഇടയിൽ ഉള്ള വിടവ് നികത്തിയതിന് ശേഷം റോഡ് ടാർ ചെയ്തപ്പോൾ ഈ ഭാഗം താഴ്ന്ന് പോയിരുന്നു. ഇതോടെ അപകട സാധ്യതയും വർധിച്ചു. ഇരുചക്ര വാഹനയാത്രക്കാർക്കാണ് ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ദൂരെ നിന്ന് വേഗതയിൽ വരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നതിനും സാധ്യത ഏറെയാണ്.
മഴ കൂടി പെയ്തതോടെ ഇടിഞ്ഞു താഴ്ന്ന ഭാഗത്ത് വെള്ളം കെട്ടി കിടക്കുന്നത് കൂടുതൽ അപകടമുണ്ടാക്കും. ശബരിമല മണ്ഡല കാലം ആരംഭിക്കുവാൻ ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കേയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. മണ്ഡല കാലത്ത് കോന്നി മുരിങ്ങമംഗലം ശബരിമല ഇടത്താവളത്തിൽ എത്തിച്ചേരുന്ന അയ്യപ്പ ഭക്തരും തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വഴി ശബരിമലക്ക് പോകുന്നവരും ഈ വഴിയാണ് സഞ്ചരിക്കുന്നത്. ഇത് അയ്യപ്പ ഭക്തർക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. മുൻപ് പ്രളയകാലത്ത് ഇടിഞ്ഞു താഴ്ന്ന റോഡിലെ ഈ ഭാഗം ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് സംരക്ഷണ ഭിത്തി കെട്ടി ടാർ ചെയ്തത്. ഇടിഞ്ഞു താഴ്ന്ന ഭാഗം പൂർവ്വ സ്ഥിതിയിൽ ആക്കുമെന്ന് കരാറുകാർ പൊതുമരാമത്ത് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എങ്കിലും മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് സാധിക്കുമോ എന്നതും ആശങ്ക വർധിപ്പിക്കുന്നു.