ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് തങ്ങളുടെ ജനപ്രിയ മോഡലായ ടാറ്റ സഫാരി എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെ വരുന്ന ഈ വാഹനത്തിന്റെ ഡെലിവറി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. സഫാരി എസ്‌യുവിയുടെ എക്സ് ഷോറൂം വില 16.29 ലക്ഷം രൂപ മുതൽ ആരംഭിച്ച് 27.34 ലക്ഷം വരെയാണ്. വാഹനത്തിന്റെ ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്. പുതിയ ടാറ്റ സഫാരി എസ്‌യുവി വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അടുത്തുള്ള ഡീലർഷിപ്പ് സന്ദർശിച്ചോ ഓൺലൈനിലൂടെയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 25,000 രൂപയാണ് ബുക്കിങ്ങിനായി നൽകേണ്ടി വരുന്നത്. പുതിയ സഫാരിയുടെ ബുക്കിംഗ് ഒക്ടോബർ 6 മുതലാണ് ആരംഭിച്ചത്. സഫാരി ഫേസ്ലിഫ്റ്റ് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളം കാർ ഡെലിവറി ചെയ്ത് തുടങ്ങി. എസ്‌യുവി സ്മാർട്ട് (O), പ്യുവർ (O), അഡ്വഞ്ചർ, അഡ്വഞ്ചർ+, അഡ്വഞ്ചർ+ ഡാർക്ക്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് ഡാർക്ക്, അക്കംപ്ലിഷ്ഡ്+ ഡാർക്ക്, അഡ്വഞ്ചർ+ എ, അക്കംപ്ലിഷ്ഡ്+ എന്നിങ്ങനെ 10 ട്രിമ്മുകളിൽ ലഭ്യമാണ്.
പുതിയ ടാറ്റ സഫാരിക്ക് ഒരു ‘പാരാമെട്രിക്’ ഗ്രിൽ ആണ് കമ്പനി നൽകിയിട്ടുള്ളത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ബ്ലാക്ക് കെയ്‌സിംഗിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി പ്രൊജക്ടർ ഫോഗ് ലാമ്പുകളുമുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പാണ് വാഹനത്തിലുള്ളത്. പിൻഭാഗത്ത് എസ്‌യുവി പഴയ പതിപ്പിനോട് വളരെയധികം സാമ്യത പുലർത്തുന്നുണ്ട്. കണക്റ്റഡ് ഡിആർഎല്ലുകളും റീഡിസൈൻ ചെയ്ത ടെയിൽലാമ്പുകളുമാണ് വാഹനത്തിലുള്ളത്. ഹാരിയറിനു സമാനമായി റിവേഴ്സ്, റിയർ ഫോഗ് ലാമ്പുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. പുതിയ ടാറ്റ സഫാരിയുടെ നീളം 4,668 എംഎം ആണ്. 1,922 എംഎം വീതിയും 1,795 എംഎം ഉയരവും 2,741 എംഎം വീൽബേസും ഈ വാഹനത്തിലുണ്ട്. ടെയിൽഗേറ്റിൽ കമ്പനി സഫാരി എന്ന് എഴുതിയിട്ടുണ്ട്. മുന്നിലും പിന്നിലും കണക്റ്റഡ് ഡിആർഎല്ലുകളുമായിട്ടാണ് ഈ വാഹനം വരുന്നത്. ഈ ഡിആർഎല്ലുകൾ വാഹനം ലോക്ക് ചെയ്യുകയും അൺലോക്ക് ചെയ്യുകയും ചെയ്യുമ്പോൾ തെളിയുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്. ഫ്യൂച്ചറിസ്റ്റിക്ക് ആയ ഡിസൈൻ രീതിയാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്.