കുട്ടിക്കാലത്തെ കൊച്ചുമനസുകളുടെ വലിയ സ്വപ്‌നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു സൈക്കിൾ വേണമെന്നത്. സ്‌കൂളിൽ പോവാനായാലും ഇനി അമ്മ കടയിൽ പറഞ്ഞുവിടാനായാലും പറന്നുപോയി കാര്യം നടത്താല്ലോ എന്നാവും അവരുടെ മൈൻഡിൽ. ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സൈക്കിള്‍ ചവിട്ടി പഠിക്കുന്നതും നമ്മുടെ ശീലങ്ങളിൽ ഒന്നാണ്. കൊവിഡിന് ശേഷം വലിയ ആളുകളും സൈക്കിളിംഗിലേക്ക് കടന്നിട്ടുണ്ട്. ആരോഗ്യ സംരക്ഷണത്തിനായാണ് ഇതെന്നു മാത്രം. എത്ര പ്രായമായാലും സൈക്കിള്‍ ചവിട്ടുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനം. മുമ്പ് പറഞ്ഞതുപോലെ കൊവിഡിന് ശേഷം ആരോഗ്യത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലായാലും ആളുകൾ കാര്യമായി ശ്രദ്ധകൊടുക്കാറുണ്ട്.
ജിമ്മിൽ പോയി സമയം കളയാൻ താത്പര്യമില്ലാത്ത ആളുകളെല്ലാം ഒരു സൈക്കിൾ വാങ്ങി റോഡിലേക്കിറങ്ങി. ഇപ്പോൾ ഈ കാഴ്ച്ച കുറവാണെങ്കിലും സൈക്കിൾ വിപണിക്ക് ഇതൊരു പുത്തൻ ഉണർവായിരുന്നു. പണ്ട് എംടിബി, ഹീറോ, ബിഎസ്എ എന്ന സൈക്കിൾ ബ്രാൻഡുകളുടെ പേരുകൾ മാത്രമേ നാം കേട്ടിരുന്നുവെങ്കിൽ ഇന്ന് ടാറ്റയുൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകൾ പല വിലയിലുള്ള മോഡലുകൾ പുറത്തിറക്കുന്ന കാലമാണിത്. ഏത് ബജറ്റിലും ഏത് തരത്തിലുള്ള സൈക്കിളികളും വാങ്ങാൻ ഇന്ന് ആളുണ്ട് താനും. വലിയ മെട്രോ നഗരങ്ങളില്ലാം ഇന്നും സൈക്കിളുകൾ തങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരക്കാരെ ലക്ഷ്യംവെച്ചുകൊണ്ട് ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസ് കോണ്ടിനോ ശ്രേണിയിലുള്ള പുത്തൻ സൈക്കിളുകൾ പുറത്തിറക്കിയിരിക്കുകയാണ്.
മൗണ്ടൻ ബൈക്കുകൾ, ഫാറ്റ് ബൈക്കുകൾ, ബിഎംഎക്സ് ബൈക്കുകൾ, ഹൈ പെർഫമോൻസ് സിറ്റി ബൈക്കുകൾ എന്നിവയുൾപ്പെടെ വിവിധ മൾട്ടി-സ്പീഡ് ഓപ്ഷനുകളുള്ള എട്ട് പുതിയ മോഡലുകളാണ് ടാറ്റയുടെ കീഴിലുള്ള സ്‌ട്രൈഡറിന്റെ പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ മഗ്നീഷ്യം സൈക്കിളായ കോണ്ടിനോ ഗലാറ്റിക് 27.5T ആണ് പുതിയ ശ്രേണിയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. മഗ്നീഷ്യം ഫ്രെയിമുകൾ പരമ്പരാഗത അലുമിനിയം ഫ്രെയിമുകളേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാണെന്നതാണ് ഹൈലൈറ്റ്. മാത്രമല്ല ഇത് ഓഫ് റോഡ് റൈഡിംഗിന് സൈക്കിളിനെ കൂടുതൽ അനുയോജ്യമാക്കുന്നുമുണ്ട്