ടാറ്റ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിൽ വിൽപ്പന നടത്തുന്ന ഏറ്റവും വില കുറഞ്ഞ വാഹനമാണ് ടാറ്റ ടിയാഗോ (Tata Tiago). വില കുറവാണ് എങ്കിലും സുരക്ഷയിലും സവിശേഷതകളിലും ടിയാഗോ മുന്നിൽ തന്നെയാണ്. ഇപ്പോഴിതാ ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരിക്കുകയാണ്. ലോഞ്ച് ചെയ്ത് എട്ട് വർഷത്തിനുള്ളിലാണ് വാഹനം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് വാഹനങ്ങളുടെ പട്ടികയിൽ കേമനായി തുടരുന്ന ടാറ്റ ടിയാഗോ ഇവി, സിഎൻജി, പെട്രോൾ എന്നീ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
2016 ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്ത ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് കഴിഞ്ഞ 15 മാസത്തിനുള്ളിലാണ് അവസാനത്തെ ഒരു ലക്ഷം യൂണിറ്റുകൾ വിൽപ്പന നടത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗുജറാത്തിലെ സാനന്ദ് ഫെസിലിറ്റിയിലാണ് ഈ വാഹനം ഉതിപാദിപ്പിക്കുന്നത്. ടാറ്റ ടിയാഗോ ആറ് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. XE, XT, XZ, XZ+, XZA, XZA+ എന്നീ വേരിയന്റുകൾക്ക് 5.59 ലക്ഷം രൂപ മുതൽ 8.11 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ടാറ്റ പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം ടിയാഗോയുടെ വിൽപ്പനയുടെ 60 ശതമാനവും നഗരങ്ങളിലാണ് നടന്നിട്ടുള്ളത്. 40 ശതമാനം വിൽപ്പനയാണ് ഗ്രാമീണ വിപണികളിൽ നടന്നത്. ഈ ഹാച്ച്ബാക്ക് സ്വന്തമാക്കിയവരിൽ ഏകദേശം 10 ശതമാനം ആളുകളും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ടാറ്റ ടിയാഗോ ആദ്യമായി കാർ വാങ്ങുന്ന ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നുണ്ട് എന്നും കമ്പനി വ്യക്തമാക്കുന്നു. 2023 സാമ്പത്തിക വർഷത്തിൽ ടാറ്റ ടിയാഗോ വാങ്ങിയവരിൽ 71 ശതമാനം ആളുകളും ആദ്യമായി കാർ വാങ്ങുന്നവരാണ്.
ടാറ്റ ടിയാഗോ പെട്രോൾ എഞ്ചിൻ ഓപ്ഷനിലും സിഎൻജി എഞ്ചിൻ ഓപ്ഷനിലും ലഭ്യമാണ്. പെട്രോൾ ഓപ്ഷനിൽ 1199 സിസി 3 സിലിണ്ടർ എഞ്ചിനാണുള്ളത്. സിഎൻജി എഞ്ചിൻ 1199 സിസി എഞ്ചിനുമായി വരുന്നു. പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. പെട്രോൾ എഞ്ചിൻ ഒരു ലിറ്റർ പെട്രോളിൽ 19.0 കിലോമീറ്റർ മൈലേജും സിഎൻജി എഞ്ചിൻ 1 കിലോ സിഎൻജിയിൽ 26.49 കിലോമീറ്റർ മൈലേജും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 168 എംഎം ഗ്രൌണ്ട് ക്ലിയർറൻസുള്ള ഈ വാഹനം 5 സീറ്റർ കാറാണ് ടിയാഗോ.
ടിയാഗോയുടെ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 84 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ 72 ബിഎച്ച്പി പവറും 95 എൻഎം ടോർക്കുമാണുള്ളത്. ടിയാഗോ ഇവിയുടെ ഇന്ത്യൻ വിപണിയിൽ ജനപ്രിതി നേടിയിട്ടുണ്ട്. 8.69 ലക്ഷം മുതല്‍ 12.04 ലക്ഷം രൂപ വരെ എക്സ് ഷോറൂം വിലയുമായി വരുന്ന ടിയാഗോ ഇവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭിക്കും. 19.2 kWh ബാറ്ററി പായ്ക്കിൽ 250 കിലോമീറ്റര്‍ റേഞ്ചും 24 kWh ബാറ്ററി പായ്ക്കിൽ 315 കിലോമീറ്റര്‍ റേഞ്ചുമാണ് ടിയാഗോ ഇവി നൽകുന്നത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ കൂടിയാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്. ഈ വാഹനത്തിന് ഗ്ലോബല്‍ എൻസിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടാൻ സാധിച്ചിട്ടുണ്ട്. 14 ഇഞ്ച് വീലുകള്‍, എല്‍ഇഡി ഡിആര്‍എൽ ഉള്ള പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7.0 ഇഞ്ച് ഇഞ്ച് ഇന്‍ഫോര്‍ടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ 8 സ്പീക്കര്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് എസി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ മികച്ച സവിശേഷതകൾ ടാറ്റ ടിയാഗോയിൽ ഉണ്ട്.