കൊച്ചി : പിരിഞ്ഞു കിട്ടാനുള്ളത് കോടികള്‍ കെട്ടിടത്തില്‍ നിര്‍മാണപ്രവര്‍ത്തി നടത്തി കേസാക്കും കൊച്ചിയില്‍ നികുതി തട്ടിപ്പിന്റെ പുതിയമുഖം. സാധാരണക്കാരില്‍നിന്ന് കുത്തിപ്പിഴിഞ്ഞ് നികുതി ഈടാക്കുമ്പോള്‍ വന്‍കിടക്കാര്‍ കൊച്ചി കോര്‍പറേഷനില്‍ നടത്തുന്നത് കോടികളുടെ നികുതി വെട്ടിപ്പ്. മെട്രോ നഗരത്തില്‍ വൈറ്റില മേഖലയില്‍ വിരലിലെണ്ണാവുന്ന വന്‍കിടക്കാര്‍ മാത്രം നല്‍കാനുള്ള നികുതി കുടിശ്ശിക 6.12 കോടി. 2019 – 20 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന നികുതി തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവന്നത്.
കോര്‍പറേഷനില്‍ വസ്തുനികുതി അടക്കാതിരിക്കാന്‍ ഏറ്റവും എളുപ്പവഴി അതേ കെട്ടിടത്തില്‍ അനധികൃതമായി എന്തെങ്കിലും നിര്‍മാണം നടത്തുകയാണ്. തുടര്‍ന്ന് ഈ കെട്ടിടത്തിന് നികുതി ഈടാക്കുന്നതിന് കേസ് ഫയല്‍ ചെയ്യും. ഈ കേസിന്റെ പേരില്‍ ഉദ്യോഗസ്ഥരുമായി ഒത്താശ ചെയ്ത് ബാക്കിയുള്ള കെട്ടിട ഭാഗങ്ങള്‍ക്ക് ആകമാനം വസ്തുനികുതി ഈടാക്കാതിരിക്കും. അതായത്, കെട്ടിട നികുതി അടക്കാതിരിക്കാന്‍ കേസിന്റെ വിധി വരട്ടെ എന്നുള്ള നിലപാടില്‍ കേസില്ലാത്ത കെട്ടിടഭാഗത്തിനും നികുതി ഈടാക്കുന്നില്ല. ഇപ്രകാരം നികുതി തട്ടിപ്പിന് അല്ലെങ്കില്‍ നികുതി കുടിശ്ശിക വരുത്തുന്നതിന് നഗരസഭ അധികൃതരും ഭാഗവാക്കാകുന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
2014 ജനുവരി ഒന്നുമുതല്‍ 2019 – 20 മാര്‍ച്ച് വരെ അഞ്ചുവര്‍ഷം 1.46 കോടി രൂപയാണ് വൈറ്റിലയിലെ ജോമര്‍ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് നല്‍കാനുള്ള കുടിശ്ശിക. ഇവിടെത്തന്നെ ഐ.ടി.എം.എ ഹോട്ടല്‍സ് കുടിശ്ശിക വരുത്തിയത് 1.44 കോടി രൂപയും. സര്‍ക്കാര്‍ ഏജന്‍സിയായ ജി.സി.ഡി.എ 85 കെട്ടിടങ്ങള്‍ക്ക് നല്‍കേണ്ട നികുതി കുടിശ്ശിക 49.90 ലക്ഷമാണ്. പ്രമുഖ സ്കൂള്‍ 35.69 ലക്ഷം, മലയാളം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 62.04 ലക്ഷം എന്നിങ്ങനെയും നല്‍കാനുണ്ട്. 2019 – 20 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് പ്രകാരം കോര്പറേഷന് വസ്തുനികുതി ഇനത്തില്‍ (ലൈബ്രറി സെസ് അടക്കം) ലഭിക്കേണ്ടത് തന്‍വര്‍ഷം 26.29 കോടിയും മുന്‍ വര്‍ഷങ്ങളിലെ കുടിശ്ശിക തുകയായി 23.38 കോടിയുമാണ്. ആകെ 49.67 കോടി രൂപ. എന്നാല്‍, ബാലന്‍സ് ഷീറ്റില്‍ വസ്തുനികുതിയിനത്തില്‍ ലഭിക്കേണ്ടതായി രേഖപ്പെടുത്തിയ തുക ഡിമാന്റ് രജിസ്റ്റര്‍, കുടിശ്ശിക ഡിമാന്റ് രജിസ്റ്റര്‍ എന്നിവ അടിസ്ഥാനപ്പെടുത്തി കണക്കാക്കപ്പെട്ടതല്ല. കോര്പറേഷന് വസ്തുനികുതി ഡിമാന്റ് രജിസ്റ്ററോ കുടിശ്ശിക ഡിമാന്റ് രജിസ്റ്ററോ പോലും ഇല്ല. വസ്തുനികുതി സംബന്ധിച്ച് നഗരസഭയില്‍ സൂക്ഷിക്കേണ്ട അടിസ്ഥാന രേഖയാണ് നികുതി ഡിമാന്റ് രജിസ്റ്റര്‍.
2019 – 20 വര്‍ഷത്തെ വാര്‍ഷിക ധനകാര്യ പത്രിക പ്രകാരം വസ്തുനികുതി കുടിശ്ശികയായി ആകെ 49.67 കോടി രൂപയായി ചേര്‍ത്തിട്ടുണ്ട്. വസ്തുനികുതി കുടിശ്ശികയുടെ നിജസ്ഥിതി പരിശോധനയില്‍, കോര്പറേഷന് പരിധിയിലുള്ള വന്‍കിട കെട്ടിട ഉടമകളില്‍ പലരും വര്‍ഷങ്ങളായി കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. പല കെട്ടിടങ്ങളുടെയും വസ്തു നികുതി സംബന്ധിച്ച് കേസും തര്‍ക്കങ്ങളും നിലവിലുണ്ടെന്ന കാരണം കാണിച്ചാണ് കുടിശ്ശിഖ വരുത്തുന്നത്. വസ്തുനികുതി കുടിശ്ശിക രജിസ്റ്റര്‍ കൃത്യമായി എഴുതിസൂക്ഷിച്ചിട്ടില്ല. കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പ് 539 പ്രകാരം, കിട്ടേണ്ട നികുതി തുക മൂന്നുവര്‍ഷം കഴിഞ്ഞാല്‍ കാലഹരണപ്പെടുമെന്നതിനാല്‍ നികുതി കൃത്യമായി ഡിമാന്‍ഡ് ചെയ്ത് ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഓഡിറ്റ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.