വയനാട്: പോക്‌സോ കേസില്‍ വയനാട്ടില്‍ അറസ്റ്റിലായ കായികാധ്യാപകനെ പൊതു വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണിയെ(50) ആണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സംഭവം അന്വേഷിച്ച് അധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പൂര്‍ണ്ണ ചുമതലയുള്ള രജിത കെ സിയാണ് അന്വേഷണം നടത്തി സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
മേപ്പാടി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ കായിക അധ്യാപകനായിരുന്നു ജോണി. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടതിന് ശേഷം നേരിട്ട് മേപ്പാടി പോലീസ് സ്റ്റേഷനില്‍ എത്തി ഇന്‍സ്പെക്ടറെ കണ്ട് പരാതി പറയുകയായിരുന്നു. 4 വിദ്യാര്‍ത്ഥിനികളാണ് കായിക അധ്യാപകനെതിരെ ആദ്യഘട്ടത്തില്‍ പരാതിയുമായി രംഗത്ത് വന്നത്. അതേസമയം അധ്യാപകനെതിരെ പരാതി നല്‍കാന്‍ തയ്യാറായ വിദ്യാര്‍ത്ഥിനികളെ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു. ഇത്തരത്തില്‍ ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.