പത്തനംതിട്ട : വേനലവധിയുടെ ആഹ്ലാദ തിമിർപ്പിൽ കുട്ടികളും മൂല്യനിർണ്ണയത്തിൻ്റെയും തിരഞ്ഞെടുപ്പു ക്ലാസുകളുടെയും ഇടവേള ദിനത്തിൽ അധ്യാപകരും അടവിയുടെ കാനന ഭംഗിയിൽ ഒത്തു ചേർന്നു. വേനൽച്ചൂടിൽ ഉരുകിയ മണ്ണിൽ നിന്നും പച്ചപ്പിൻ്റെ തണൽ വിരിപ്പിലേക്ക് അവധി മിഠായിയുടെ മാധുര്യം നുകരാൻ അവസരമൊരുക്കിയത് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റിയാണ്. ഒരു പകൽ മുഴുവൻ പച്ചപ്പിൻ്റെ സൗന്ദര്യം നുകർന്നും പരിസ്ഥിതിയുടെ സാമൂഹ്യ പാOങ്ങൾ മനസിലാക്കിയും കുഞ്ഞുങ്ങൾ മടങ്ങുമ്പോൾ അവരുടെ ഉള്ളിലുണ്ടായ തിരിച്ചറിവ് പരിസ്ഥിതി സംരക്ഷണത്തിൻ്റെതാണ്. മല തുരക്കുന്ന തുരപ്പനെലികളാകനല്ല ഞങ്ങളുടെ ജീവിതം പച്ചപ്പ് കാക്കുന്ന കിളികളായി പറന്നുല്ലസിക്കാനാണ് എന്ന പ്രതിജ്ഞയാണ് അവർ കൈക്കൊണ്ടത്.
കുട്ടവഞ്ചിയുടെ ഓളപ്പരപ്പിൽ സഹജീവി സ്നേഹത്തിൻ്റെ താളമിട്ട് കുട്ടികൾ പിരിയും മുമ്പ് അവർ കൈകോർത്ത് പറഞ്ഞു. പുതിയ സ്കൂൾ വർഷത്തിൽ പുതിയ ക്ലാസ് മുറിയിൽ നമുക്ക് നന്മയുടെ തണലാകം. അടവി എക്കോ ടൂറിസം സെൻ്ററിൽ നടന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ നോവലിസ്റ്റ് വിനോദ് ഇളകൊള്ളൂർ, വിദ്യാഭ്യാസ പ്രവർത്തകൻ ഡോ.അജിത് ആർ പിള്ള, നാടകകൃത്ത് ബിനു കെ.എസ്, ഡോ.ജിഷ്ണു കെ.വി എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, പ്രസിഡൻ്റ് അരുൺ മോഹൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ സുശീൽ കുമാർ, കെ.എ തൻസീർ, തോമസ് എം ഡേവിഡ്, പി.സി ശ്രീകുമാർ, ആനി ബാബു ,കെ.ജെ എബ്രഹാം എന്നിവർ നേതൃത്വം നൽകി.