ഇടുക്കി : ജില്ലയിലെ രണ്ടാമത്തെ കേന്ദ്രീയ വിദ്യാലയം യാഥാർത്ഥ്യത്തിലേക്കെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്. പദ്ധതിയുടെ എല്ലാ നടപടിക്രമങ്ങൾളും പൂർത്തീകരിച്ചു കഴിഞ്ഞു. തൊടുപുഴയിൽ സ്ഥാനാർത്ഥി പര്യടനത്തിന് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ആയുർവേദ ആശുപത്രിയിൽ സ്പോർട്സ് ആയുർവേദ റിസർച്ച് സെൽ 1 കോടി രൂപ വിനിയോഗിച്ച് ഒന്നാം ഘട്ടം പൂർത്തീകരിച്ചു. 10 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ യഥാർത്ഥ്യമാകുന്നത്. തൊടുപുഴയിൽ നഗരസഭ ലൈബ്രറിക്കും തുക അനുവദിച്ചിട്ടുണ്ട്. മുണ്ടേക്കല്ലിൽ തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും. 247.61 കോടി രൂപയുടെ വികസന പദ്ധതികൾ ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയതായും ഡീൻ പറഞ്ഞു. 6 റോഡുകളും ഒരു പാലവും പ്രധാനമന്ത്രി ഗ്രാമീണ സദക് യോജനയിൽ ഉൾപ്പെടുത്തി മണ്ഡലത്തിൽ അനുവദിച്ചതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.
ഡീൻ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം ഇന്ന് പൂർത്തിയാക്കി. കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നീ പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പരിധിയിലുമാണ് ഇന്നത്തെ പര്യടനം നടത്തിയത്. രാവിലെ കോളപ്രയിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം പര്യടനം ഉദ്ഘാടനം ചെയ്തു. എം.കെ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ജെ ജേക്കബ്, ജോയി തോമസ്, എം.എൻ ഗോപി, കെ.എസ് സിറിയക്, കെ സുരേഷ് ബാബു, എൻ.എ ബെന്നി, എ.എം ഹാരിദ്, ജോസി ജേക്കബ്, മനോജ് കോക്കാട്ട്, ജാഫർ ഖാൻ മുഹമ്മദ്, കെ.കെ മുരളീധരൻ, ടോമി പാലക്കൽ, ഫ്രാൻസിസ് പടിഞ്ഞാറ, സി.വി സുനിത, ഇന്ദു സുധാകരൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കുടയത്തൂർ, മുസ്ലിം പള്ളി, കാഞ്ഞാർ, ആശുപത്രിപ്പടി, പന്ത്രാണ്ടം മൈൽ, അശോക കവല, മൂലമറ്റം, ഗുരുതി കുളം, കരിപ്പിലങ്ങാട്, കുളമാവ്, പൂമാല എന്നിവിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥി പര്യടനം നടത്തി. ഡീൻ കുര്യാക്കോസിന് പിന്തുണ അറിയിച്ചു വനിതകളും കുട്ടികളും അടക്കം നിരവധി പേരാണ് ഓരോ പോയിന്റിലും സ്വീകരിക്കുവാൻ എത്തിച്ചേരുന്നത്. അമ്മമാർ തലയിൽ കൈവെച്ചു അനുഗ്രഹിച്ചും ആരതി ഉഴിഞ്ഞുമാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. ഉച്ചക്ക് ശേഷം പന്നിമറ്റം, വെള്ളിയാമറ്റം, ഇളംദേശം, കലയന്താനി, ചിലവ്, ശാസ്താംപാറ, ഇടവെട്ടി, കുമ്മംകല്ല്, ഉണ്ടപ്ലാവ്, മങ്ങാട്ടു കവല എന്നിവിടങ്ങളിൽ പര്യടനത്തിന്റെ ഭാഗമായി ഡീൻ കുര്യാക്കോസ് സ്വീകരണം ഏറ്റുവാങ്ങി.
കനത്ത വെയിലിലും യുവതി യുവാക്കളുടെയും മുതിർന്നവരുടെയും വലിയ സ്വീകരണം യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്നുണ്ട്. വൈകിട്ട് കാഞ്ഞിരമറ്റം, ഒളമറ്റം പാറ, ലക്ഷം വീട്, നടുകണ്ടം, പാറക്കടവ്, കോലാനി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വേങ്ങല്ലൂരിൽ സമാപിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി സമാപന സമ്മേളനം വേങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തു. നാളെ ദേവികുളം നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് പര്യടനം നടത്തും. കാന്തല്ലൂർ, മറയൂർ, മൂന്നാർ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് അനുഗ്രഹം തേടും.