റാന്നി: കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി മാതൃക കാട്ടി കർഷകതൊഴിലാളി. പുതമൺ ചെറുവള്ളി കുഴിയിൽ സി കെ ഗോപാലനാണ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പുതമൺ റോഡിൽ നിന്നും പണം അടങ്ങുന്ന പേഴ്സ് കളഞ്ഞ് കിട്ടിയത്. 34000 രൂപയായിരുന്നു പേഴ്സിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ വാർഡ് മെമ്പർ അമ്പിളിയെയും സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായ റോയി ഓലിക്കലിനേയും വിവരം അറിയിച്ചു. റോയിയാണ് റാന്നി പോലീസിൽ അറിയിച്ചത്. പന്തളം സ്വദേശിയായ ഷീബ മത്തായിയുടെ പേഴ്സാണ് കളഞ്ഞ് പോയത്. കുട്ടിക്കാനം കോളേജിൽ മകൻ്റെ അഡ്മിഷനായി പോവുകയായിരുന്നു ഇവർ. കോളേജിൽ എത്തിയപ്പോഴാണ് പേഴ്സ് കാണാനില്ല എന്ന് വിവരം അറിഞ്ഞത് – എന്നാൽ വീട്ടിൽ കാണും എന്ന പ്രതീക്ഷയിൽ മടങ്ങി.
വീട്ടിലെത്തിയപ്പോഴും പേഴ്സ് കാണാഞ്ഞതിനെ തുടർന്നാണ് പോലീസിൽ വിവരം അറിയിച്ചത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഗോപാലൻ. ലൈഫിൽ കിട്ടിയ വീടിൻറെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും കളഞ്ഞു കിട്ടിയ പണം ഉടമയെ ഏൽപ്പിക്കാൻ കാണിച്ച നല്ല മനസ്സിനെ എല്ലാവരും നന്ദി പറഞ്ഞു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ, എസ്ഐ കൃഷ്ണകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ റാന്നി പോലീസ് സ്റ്റേഷനിൽ വെച്ചാണ് പണം കൈമാറിയത്. എംഎൽഎ ഗോപാലനെ പൊന്നാടയണിയിച്ച് ആദരിച്ചു.