ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലോകത്താകമാനം ഗെയിം പ്രേമികൾക്കായി അവതരിച്ചിരിക്കുകയാണ് പബ്ജി ന്യൂ സ്റ്റേറ്റ്. ക്രാഫ്റ്റൺ പുറത്തിറക്കുന്ന ഏറ്റവും പുതിയ ബാറ്റിൽ റോയൽ ഗെയിം 2051 കാലഘട്ടത്തിൽ സെറ്റ് ചെയ്തിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഗെയിം പ്ലേ ഫീച്ചറുകളുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 200ലധികം രാജ്യങ്ങളിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ്, ഐ പാഡ് ഒ.എസുകളില്‍ ഗെയിം ലഭ്യമാണ്.
പബ്ജിക്ക് ഇന്ത്യയില്‍ നിരോധമേര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യന്‍ വേര്‍ഷനായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് ന്യൂസ്റ്റേറ്റ് ലോഞ്ച് ചെയ്യുന്നത്. മെച്ചപ്പെട്ട ഗ്രാഫി ക്‌സ്, വിപുലമായ യു.ഐ ഘടകങ്ങൾ, തോക്കുകൾ, ഗെയിംപ്ലേ മോഡുകൾ, മാപ്പുകൾ എന്നിവസഹിതമാണ് പുതിയ ഗെയിം എത്തുന്നത്. 55 ലക്ഷത്തിലധികം പ്രീ- രജിസ്ട്രേഷനാണ് ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ന്യൂസ്റ്റേറ്റിന് ലഭിച്ചത്.
മുൻകൂട്ടി രജിസ്‌റ്റർ ചെയ്‌ത യൂസേഴ്സിന് വെഹിക്കിൾ സ്‌കിൻ ഉൾപ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് റിവാർഡുകളും ലഭിക്കും. 2051 കാലഘട്ടത്തില്‍ സെറ്റ് ചെയ്തിരിക്കുന്നതിനാല്‍ പബ്ജി അവരുടെ എറെംഗൽ മാപ്പിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഭാവിയിലെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു വിഷ്വൽ ഓവർഹോൾ ക്രാഫ്റ്റൺ എറെംഗൽ മാപ്പിന് നൽകിയിട്ടുണ്ട്.
വീടുകൾ, വാഹനങ്ങൾ, തോക്കുകൾ, കളിക്കാരുടെ വസ്ത്രങ്ങൾ തുടങ്ങിയ യു.ഐ ഘടകങ്ങൾ എല്ലാം ഫ്യൂച്ചറിസ്റ്റിക് ശൈലിയിലാണ്. ബാറ്റില്‍ റോയൽ ഗെയിമായതിനാൽ, ടീം ഡെത്ത്മാച്ച്, ഒരു പുതിയ സ്റ്റേഷൻ മാപ്പ് എന്നിങ്ങനെ വിവിധ മോഡുകളുമുണ്ട്. പുതിയ സ്റ്റേഷൻ മാപ്പിൽ നിരവധി സ്റ്റോറേജ് ക്രേറ്റുകളും നിർത്തിയ ട്രെയിൻ കമ്പാർട്ടുമെന്റുകളും ഉൾപ്പെടുന്നു. തീവ്രമായ പോരാട്ടങ്ങൾക്ക് ശേഷം കളിക്കാർക്ക് സ്റ്റിം ഷോട്ടുകൾ ഉപയോഗിച്ച് അവരുടെ ആരോഗ്യം വീണ്ടെടുക്കാനാകും.
ട്രങ്ക് എന്ന പുതിയ ഗെയിംപ്ലേ ഫീച്ചറും ന്യൂ സ്റ്റേറ്റിലുണ്ട്. ആയുധങ്ങളും കവചങ്ങളും മറ്റ് സാധനങ്ങളും സംഭരിക്കാൻ പ്ലേയേഴ്സിനെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഇങ്ങനെ സംഭരിക്കുന്നവ സ്ക്വാഡ് മേറ്റ്സിനും കൈമാറാം. ഗെയിമിലെ എല്ലാ കാറുകളിലും ഇത്തരത്തിൽ ട്രങ്കുകളുണ്ടാകും. ഒരു മത്സരത്തിനിടെ പ്ലേയേഴ്സിന് ഡ്രോണുകളെ സമ്മൺ ചെയ്യാനും ഡ്രോൺ ഷോപ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാനും സാധിക്കുന്ന ഫീച്ചറുകളും ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.