ബെംഗളൂരു: മേൽപ്പാലത്തിൽനിന്ന് കാറ് നിയന്ത്രണംവിട്ടു തെറിച്ചുവീണ് സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് സേലം സ്വദേശിയായ എസ്. ശബരീഷ്(29) ആണ് ബെംഗളൂരു യെശ്വന്ത്പൂരിൽ വാഹനാപകടത്തിൽ മരിച്ചത്. അമേരിക്കയിൽ ജോലി കിട്ടി വിസ സ്വീകരിക്കാനായി ബെംഗളൂരുവിലെത്തിയതായിരുന്നു യുവാവ്. ഇന്നലെ പുലർച്ചെ 3.45നായിരുന്നു അപകടം. കാറിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മിഥുൻ ചക്രവർത്തി, അനുശ്രീ, ശങ്കർ റാം എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് മിഥുൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മേൽപ്പാലത്തിലെ വളവിൽ കാറിന്റെ നിയന്ത്രണം നഷ്ടമായി സുരക്ഷാമതിലിലും ഇടിച്ച് താഴേക്കു പതിക്കുകയായിരുന്നു. ഈ സമയത്ത് താഴെയുള്ള റോഡിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് പാതയോരത്തെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്.കാറിന്റെ മുൻസീറ്റിൽ ഇരുന്ന ശബരീഷ് തത്ക്ഷണം തന്നെ മരിച്ചു. മറ്റുള്ളവരെ ഗുരുതരമായ പരിക്കുകളോടെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് ഇവരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ശബരീഷും മിഥുനും സേലത്തുനിന്ന് ബെംഗളൂരുവിലെത്തിയത്. യു.എസിലെ ഒരു ഐ.ടി കമ്പനിയിൽ ജോലി കിട്ടി ഏതാനും ആഴ്ചകൾക്കകം യാത്ര തിരിക്കാനിരിക്കുകയായിരുന്നു ശബരീഷ്. ബെംഗളൂരുവിലെ യു.എസ് വിസാ കേന്ദ്രത്തിലെത്തി രേഖകൾ കൈപ്പറ്റുകളും സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിങ് നടത്തുകയും ചെയ്ത് നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു കാറപകടം യുവാവിന്റെ ജീവനെടുത്തത്. അപകടസമയത്ത് കാർ 120 കി.മീറ്റർ വേഗതയിലാണ് ഓടിയിരുന്നതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിനകത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നവെന്നു സംശയിക്കുന്നതായി പോലീസ് പറയുന്നു.