വാട്‌സ്ആപ്പ് അടിമുടി മാറ്റങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. സുരക്ഷയ്ക്കായി പല കാര്യങ്ങളും നേരത്തെ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ടെലഗ്രാമിന് സമാനമായ ചാനല്‍ ഫീച്ചറാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മെറ്റ അവതരിപ്പിച്ചത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് കഴിഞ്ഞു. ഇനി വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാന്‍ ഇരുവരും നേരിട്ട് മെസേജ് അയക്കും. അതിനായിട്ടാണ് ഈ ചാനല്‍ ഉപയോഗപ്പെടുത്തുക. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങളെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ നേരിട്ടയക്കുമെന്നാണ് ഇവര്‍ സന്ദേശത്തില്‍ കുറിച്ചത്. ഇന്ത്യ അടക്കം നൂറ്റമ്പതോളം രാജ്യങ്ങളില്‍ ഈ ചാനല്‍ സംവിധാനം മെറ്റ ലഭ്യമാക്കും. ഇന്‍സ്റ്റഗ്രാമിനും ഇതുപോലെ ചാനല്‍ ഫീച്ചറുണ്ട്.
അതേസമയം ഇപ്പോഴും ഈ ഫീച്ചര്‍ ലഭിക്കാത്ത നിരവധി ഇപ്പോഴുമുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാന്‍ കഴിക്കുന്ന സംവിധാനമാണ് വാട്‌സ്ആപ്പ് ചാനല്‍. അഡ്മിന് മാത്രം മെസേജ് അയക്കാന്‍ കഴിക്കുന്ന തരത്തിലുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണിത്. സെലിബ്രിറ്റികളുടെ വിവരങ്ങള്‍ അവരുടെ ഇന്‍സ്റ്റഗ്രാം പേജിലേത് പോലെ നമുക്ക് ഇതിലും ലഭ്യമാകും. പക്ഷേ അതിന്റെ നിയന്ത്രണം അവര്‍ക്ക് മാത്രമായിരിക്കും. ചാനലില്‍ പങ്കാളിയാകുന്നവരുടെ പ്രൊഫൈല്‍ അഡ്മിന് മാത്രമായിരിക്കും കാണാന്‍ കഴിയുക.അതേസമയം നിങ്ങളുടെ കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളില്‍ നിന്ന് വേറിട്ട് അപ്‌ഡേറ്റുകള്‍ എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്‌സ്ആപ്പിനുള്ളില്‍ ഒരു സ്ഥാപനത്തിനോ, അല്ലെങ്കില്‍ വ്യക്തിക്കോ അവരുടെ ആരാധകരുമായോ സബ്‌സ്‌ക്രൈബര്‍മാരുമായോ കാര്യങ്ങള്‍ പങ്കുവെക്കാനുള്ള വണ്‍വേ ബ്രോഡ്കാസ്റ്റ് ടൂളാണ് വാട്‌സ്ആപ്പ് ചാനല്‍. ഈ ചാനല്‍ നിങ്ങള്‍ക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം. അത് വഴി വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും അപ്‌ഡേറ്റുകള്‍ അറിയാന്‍ സാധിക്കും. തിരിച്ച് സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കില്ല.
ചാനലില്‍ ഉള്ള മറ്റംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ ഫോണ്‍ നമ്പറോ പ്രൊഫൈലോ കാണാന്‍ കഴിയില്ല എന്നതും പ്രധാന സവിശേഷതയാണ്. ഇന്‍വിറ്റേഷന്‍ ലിങ്കിലൂടെയായിരിക്കും ഒരു വ്യക്തിയോ സ്ഥാപനമോ ക്രിയേറ്റ് ചെയ്ത ചാനലുകളില്‍ യൂസര്‍മാര്‍ക്ക് ആക്‌സസ് ലഭിക്കുക. അതേസമയം ഇമോജികള്‍ ഉപയോഗിച്ചുള്ള പ്രതികരണം സാധ്യമാണ്. സുരക്ഷാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ മെറ്റ കൊണ്ടുവന്നിട്ടുണ്ട്. മുപ്പത് ദിവസം മാത്രമേ ചാനല്‍ ഹിസ്റ്ററി വാട്‌സ്ആപ്പ് സൂക്ഷിക്കൂ. സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതിന് വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാവും. ആഗോളതലത്തില്‍ 150 രാജ്യങ്ങളില്‍ ഇവ ലഭ്യമായി തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയില്‍ തന്നെ എല്ലാവര്‍ക്കും ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ല. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം ചാനല്‍ ഉണ്ടാക്കിയിട്ടുണ്ട്.