തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത നടപടികളിലേക്ക്. കള്ളവോട്ട് തടയാൻ എല്ലാ ക്രമീകരണവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർ നിഷ്പക്ഷത പാലിക്കണമെന്നും ബൂത്തുകളിൽ മിണ്ടാപ്രാണിയെപ്പോലിരുന്ന് കള്ളവോട്ടിന് ഒത്താശ ചെയ്യരുതെന്നുമാണ് ഉദ്യോഗസ്ഥർക്ക് മീണയുടെ നിർദേശം. ഒത്താശചെയ്യുന്നവർക്കെതിരേ സസ്പെൻഷനും മറ്റു നിയമ നടപടികളുമെടുക്കും. നന്നായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പു സമയത്തും ശേഷവും സംരക്ഷണമുണ്ടാകും. കള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥർക്കു ഭീഷണിയുണ്ടെന്നു പരാതി കിട്ടിയാൽ നടപടിയെടുക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികാര നടപടിയുണ്ടായാലും പരാതി നൽകാം -മീണ പറഞ്ഞു.
പ്രശ്നബാധിത ബൂത്തുകളിലും പ്രശ്നസാധ്യതയുള്ളതും മാവോവാദി സ്വാധീനമുള്ളതുമായ മേഖലകളിലെ ബൂത്തുകളിലും കേരള പോലീസിനെ ഒഴിവാക്കി പൂർണമായി കേന്ദ്രസേനയെ നിയോഗിക്കും. കേരള പോലീസിന് ബൂത്തിനു പുറത്തായിരിക്കും സുരക്ഷാ ചുമതല. ബാക്കിയുള്ള ബൂത്തുകളിൽ ഇടകലർത്തിയാകും കേന്ദ്രസേനയെയും പോലീസിനെയും നിയോഗിക്കുക. ബൂത്തിന്റെ കവാടത്തിന്റെ നിയന്ത്രണം കേന്ദ്രസേനയ്ക്കാകുന്നതോടെ, കള്ളവോട്ട് പൂർണമായി തടയാൻ കഴിയുമെന്നാണു കരുതുന്നത്. കവാടത്തിൽ ഒരു ഹോംഗാർഡിനെക്കൂടി നിയോഗിക്കുന്നത് പരിഗണനയിലാണെങ്കിലും കേരള പോലീസ് ഉണ്ടാകില്ല. 50 ശതമാനം ബൂത്തുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തും.