കോഴിക്കോട് : സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. കോഴിക്കോട് രജിസ്റ്റർ ചെയ്ത സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ പ്രധാന പ്രതികളായ മൂന്ന് പേരാണ് രണ്ട് മാസത്തോളമായി ഒളിവില്‍ തുടരുന്നത്. കോഴിക്കോട് സ്വദേശികളായ ഷബീർ, ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർക്കായി അന്വേഷണസംഘം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. ഇവർക്കായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുക. ലുക്ക്ഔട്ട് സർക്കുലർ നേരത്തെ നല്‍കിയിരുന്നു. നല്ലളം സ്വദേശിയായ ജുറൈസിനെ മാത്രമാണ് കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ പിടികൂടാനായത്.
മൂന്ന് പേരും സംസ്ഥാനത്തിന് പുറത്താണ് ഒളിവില്‍ കഴിയുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവരില്‍ ഷബീറിന് കേസില്‍ നിർണായക പങ്കാണുള്ളത്. കോഴിക്കോട് നഗരത്തില്‍ അന്വേഷണസംഘം പിടികൂടിയതുൾപ്പടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സമാന്തര എക്സ്ചേഞ്ചുകൾ ഇയാൾ നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെ കൂടാതെ 5 പേരെകൂടി കേസില്‍ പ്രതിചേർക്കാനുള്ള നടപടികളും ക്രൈംബ്രാഞ്ച് സംഘം തുടങ്ങി. പ്രതികൾക്ക് സിംകാർഡുകൾ നല്‍കിയവരും സംസ്ഥാനത്തിന് പുറത്തുള്ളവരും ഇതില്‍ ഉൾപ്പെടും. അതേസമയം മുൻകൂർ ജാമ്യത്തിനായി ഒളിവിലുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.