മല്ലപ്പള്ളി : തെള്ളിയൂർക്കാവ് ഭഗവതീ ക്ഷേത്രാങ്കണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് 16ന് തുടക്കമാകും. ഡിസംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന മേളയുടെ അവസാനവട്ട ക്രമീകരണം ചർച്ച ചെയ്യാൻ അഡ്വ.പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉച്ചയ്ക്ക് 2ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ ആലോചനാ യോഗം ചേരും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ സ്ഥലത്തെ ജനപ്രതിനിധികൾ, തഹസീൽദാർ, ദേവസ്വം, ഉപദേശക സമിതി, പൊലീസ്, വൈദ്യുതി വകുപ്പ്, കെ.എസ്ആർ.ടി.സി, അഗ്‌നിരക്ഷാ സേന, പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.
വാണിഭം നടക്കുന്ന ദേവസ്വം ഭൂമിയിലെ കടകളുടെ തറ ലേലവും ഇന്ന് രാവിലെ 11ന് ക്ഷേത്രത്തിൽ നടത്തുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്രഭൂമിയോട് ചേർന്ന് ദേവസ്വം ഭൂമിയായി ഹൈക്കോടതി വിധിച്ച 51സെന്റ് സ്വകാര്യ വസ്തു അളന്ന് പേരിൽ കൂട്ടാനുള്ള നടപടിയും അവസാന ഘട്ടത്തിലാണ്. തഹസീൽദാർ, വില്ലേജ് ഓഫീസർ എന്നിവർ നേരിട്ട് എത്തിയാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. ഇതുകൂടാതെ ദേവസ്വം പാട്ടമ്പലത്തോടു ചേർന്നുള്ള പഴയ എൽ.പി സ്‌കൂൾ കെട്ടിടവും ടോയ്ലെറ്റും പേരിൽകൂട്ടാനുള്ള നടപടിയും പൂർത്തിയായിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം ഇവിടെ ദേവസ്വം എയ്ഡഡ് എൽ.പി സ്‌കൂൾ പുനരാരംഭിക്കാൻ കഴിയുമോ എന്നുള്ള വിഷയം പരിഗണിക്കുമെന്ന് ഉപദേശക സമിതി ഭാരവാഹികളെ സ്ഥലം സന്ദർശിച്ച ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ അറിയിച്ചു. പാട്ടമ്പലത്തിൽ 41ദിവസം നീണ്ടുനിൽക്കുന്ന കളം എഴുതി പാട്ടിനും നവംബർ 16ന് തുടക്കമാകും.