തിരുവല്ല : ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാല മോഷ്ടാക്കൾ കവർന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. പരുമല തിരുവാലംമൂട് ദേവീ ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഭാരവാഹികൾ പുളിക്കീഴ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്ര നടയിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയും മോഷ്ടാക്കൾ കുത്തിത്തുറന്നു. ഞായറാഴ്ച പുലർച്ചെ ക്ഷേത്ര മാനേജർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന ശേഷം മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് മോഷ്ടാക്കൾ ശ്രീകോവിൽ തുറന്നത്. പരുമല തിരുവാലംമൂട് ദേവീ ക്ഷേത്രം എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ളതാണ്.