അയ്മനം : ക്ഷേത്രങ്ങളില്‍ കയറി പതിവായി മോഷണം നടത്തിവന്നയാള്‍ അറസ്റ്റിലായി. പരിപ്പ്, അലക്കുകടവ് ഗുരുദേവ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ നാലുകണ്ടത്തില്‍ അനുരാജ് (വാവച്ചി28) ആണ് പിടിയിലായത്. ഗുരുദേവ ക്ഷേത്രങ്ങളിലാണ് ഇയാള്‍ പതിവായി മോഷണം നടത്തിയിരുന്നത്. മോഷണത്തിനു മുന്‍പ് അനുരാജ് പ്രദേശത്തെ കള്ളുഷാപ്പില്‍ കയറി കള്ള് കുടിക്കുന്നതും പതിവാക്കിയിരുന്നു.
തിരുവാറ്റ ഭാഗത്തുവെച്ച് പുലര്‍ച്ചെ എസ്‌എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ഭാരവാഹിയായ ഒരാള്‍ അനുരാജിനെ കാണുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. നാലു മാസത്തിനിടെ പരിപ്പ് ക്ഷേത്രത്തിലും അലക്കുകടവ് ക്ഷേത്രത്തിലും മൂന്ന് തവണ വീതം മോഷണം നടത്തി. അലക്കുകടവ് സെന്റ് മേരീസ് ചാപ്പലില്‍ മോഷണ ശ്രമവും നടത്തി. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയ ശേഷം അനുരാജ് ഒളിവില്‍ പോയി.
സമീപത്തെ ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസുകള്‍ ഊരി മാറ്റി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ ശേഷമാണു മോഷണം നടത്തിയത്. പരിപ്പ് ക്ഷേത്രത്തിലെ സിസിടിവിയില്‍ അനുരാജിന്റെ ദൃശ്യങ്ങള്‍ കുടുങ്ങിയിരുന്നു. വെസ്റ്റ് എസ്‌എച്ച്‌ഒ അനൂപ് കൃഷ്ണ, എസ്‌ഐമാരായ ടി.ശ്രീജിത്ത്, വി.ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി.