മല്ലപ്പള്ളി : കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽനിന്ന് പരിയാരംകരയിലേക്കുള്ള കീഴ്‌വായ്പൂര് പാറക്കടവ് പാലത്തിന്റെ ടെൻഡർ സർക്കാർ അംഗീകാരം കാത്ത് കഴിയുന്നു. ഊരാളുങ്കൽ കമ്പനി സമർപ്പിച്ച ടെൻഡറിൽ എസ്റ്റിമേറ്റിനെക്കാൾ 22 ശതമാനം അധിക തുകയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി രണ്ടിന് സർക്കാരിന് അയച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. അനുവാദം ലഭിച്ചാൽ 11.01 കോടി രൂപയാകും ചെലവ്. ഇത്തവണ ടെൻഡർ അംഗീകാരം ലഭിച്ചില്ലെങ്കിൽ എസ്റ്റിമേറ്റ് വീണ്ടും നവീകരിക്കേണ്ടിവരും. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണച്ചുമതല. കിഫ്ബിയാണ് ഫണ്ട് നൽകുന്നത്.
നേരത്തേ എട്ട് പ്രാവശ്യം ടെൻഡർ ചെയ്തിട്ടും നടപടിയാകാത്തതിനാൽ എസ്റ്റിമേറ്റ് പുനഃപരിശോധിച്ച് നവീകരിച്ചാണ് പിന്നീട് ടെൻഡർ ചെയ്തത്. 2018 ഡൽഹി ഷെഡ്യൂൾ റേറ്റ് പ്രകാരം എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 7,83,41,245 രൂപയായിരുന്ന അടങ്കൽ തുക 9,07,99,732 ആയി വർധിച്ചിരുന്നു. എന്നിട്ടും കരാറുകാർ പണി അവഗണിച്ചു. പൈൽ ക്യാപ്പ് ചതുരമാക്കിയതടക്കം ഏറെ പരിഷ്കാരത്തോടെ നവീകരിച്ച പുതിയ എസ്റ്റിമേറ്റിൽ തുക 9,17,92,609 രൂപ ആയി ഉയർന്നിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 38 ലക്ഷംരൂപ പുറമേയുണ്ട്. പരിയാരം കരയിലേക്ക് 155 മീറ്ററും കീഴ്‌വായ്പൂരിലേക്ക് 11.30 മീറ്ററും ദൂരത്തിൽ സമീപനപാതയും വേണം. ഇതിനായി 37.67 സെന്റ് സ്ഥലം ആവശ്യമുണ്ട്. 112 മീറ്റർ നീളവും നടപ്പാതയടക്കം 11 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാകുക. പരിയാരം ഭാഗത്ത് ആറ്റിലേക്കിറങ്ങാൻ വഴിയുമുണ്ടാകും. ഒന്നരവർഷമാണ് പൂർത്തിയാക്കാനുള്ള കാലാവധി.