ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്നും പോലീസ് വക്താവ് പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കരസേനാ മേധാവി ജനറൽ എം എം നരവനെ ഇന്ന് ലഡാക്കിൽ എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് എത്തുക. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തും. ബുദ്ധിമുട്ടേറിയ പ്രദേശങ്ങളിൽ സുരക്ഷ ഒരുക്കുന്ന സേനകളുമായി അദ്ദേഹം സംവദിക്കും.