ന്യൂഡല്‍ഹി : ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരര്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്ന് കരസേനാ മേധാവി എംഎം നരവനെ. ജനാധിപത്യ പ്രക്രിയയില്‍ സ്വാഭാവികമായുള്ള സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ജില്ലകളുടെ അതിര്‍ത്തികളില്‍ നിലവിലുള്ള സാഹചര്യത്തില്‍ ഭീകരവാദം വലിയ ഭീഷണിയായിതന്നെ തുടരുകയാണ്. ഇതിനു തടയിടാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അത് ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പ്രദേശത്തെ ചുരങ്ങള്‍ അടയ്ക്കുന്നതിന് മുമ്പായി നുഴഞ്ഞു കയറാന്‍ തീവ്രശ്രമം നടത്തുകയാണ് ഭീകരര്‍. മഞ്ഞുകാലം ആരംഭിക്കുന്നതോടെ മഞ്ഞ് വീഴുന്നത് നുഴഞ്ഞുകയറ്റത്തിന് തടസ്സമാകുന്നുണ്ട്. അതിനാല്‍ ഇവര്‍ ഇപ്പോള്‍ തെക്ക് ഭാഗത്തേക്ക് നീങ്ങി അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദ്ദേശങ്ങളിലൂടെ നുഴഞ്ഞുകയറ്റ ശ്രമം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.