അനധികൃതമായി വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചതിന് ഫേസ്ബുക്ക് മാതൃകമ്പനി മെറ്റയ്‌ക്കെതിരെ ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഉപയോക്താക്കളുടെ യാതൊരുവിധ അറിവോ സമ്മതമോ കൂടാതെ ബയോമെട്രിക് വിവരങ്ങള്‍ വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് തിങ്കളാഴ്ച കേസെടുക്കുകയായിരുന്നു. ഉപയോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളായ ശബ്ദ സാമ്പിളുകള്‍, ഐറിസ് സ്‌കാനുകള്‍, റെറ്റിന സ്‌കാനുകള്‍, വിരലടയാളങ്ങള്‍ മുതലായവ അനധികൃതമായി ശേഖരിച്ചെന്നാണ് ആരോപണം.
ഉപയോക്താക്കള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ നിന്നും വീഡിയോകളില്‍ നിന്നും ഫേസ് ജാമിട്രിയും ശേഖരിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും ആരോപണമുണ്ട്. മെറ്റയുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി ടെക്‌സാസിലെ ജനങ്ങളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വലിയ ഭീഷണി സൃഷ്ടിച്ചുവെന്ന് അറ്റോര്‍ണി ജനറല്‍ വിലയിരുത്തി.
സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി ഇതാദ്യമായല്ല ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ ടെക് ഭീമന്മാര്‍ക്കെതിരെ നടപടിയെടുക്കുന്നത്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയതിനെതിരെ അദ്ദേഹം ട്വിറ്ററിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആളുകളില്‍ നിന്ന് മുന്‍കൂര്‍ അനുവാദം വാങ്ങി മാത്രമേ ബയോമെട്രിക് ഡാറ്റ ഉപയോഗിക്കാവൂ എന്നാണ് ടെക്‌സാസിലെ നിയമം. ഇത് ചൂണ്ടിക്കാട്ടി ഗൂഗിളിനെതിരെ അദ്ദേഹം നിരവധി തവണ നിയമപോരാട്ടം നടത്തിയിട്ടുണ്ട്.