തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകളും പുറത്തിറക്കുമെന്ന് യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതോടൊപ്പം കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അത് അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍, ഉണരുന്ന നഗരങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമ്പൂര്‍ണ ഗ്രാമസ്വരാജ് ആണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുതാര്യവും സുസ്ഥിര വികസനവും മുന്നില്‍ കണ്ടുള്ള സത്യസന്ധമായ ഭരണമാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനമെന്നും പ്രകടന പത്രിക പ്രകാശനം ചെയ്തുകൊണ്ട് അദ്ദേഹം വിശദമാക്കി.
കോവിഡ് മഹാമാരിയുടെ കാലത്ത് തദ്ദേശ സ്ഥാപനങ്ങളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച സര്‍ക്കാരാണിത്. കോവിഡ് പ്രതിരോധത്തിനും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും മറ്റുമായി തദ്ദേശ സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ മുന്നില്‍ നിര്‍ത്തിയത്. എന്നാല്‍ അവര്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല. തനതു ഫണ്ടില്‍ നിന്നു പണം കണ്ടെത്താനായിരുന്നു നിര്‍ദേശം. തനതു ഫണ്ടില്‍ പണമില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ടില്‍ നിന്നു പണം വകയിരുത്തി. ഇതുമൂലം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ മിക്ക പഞ്ചായത്ത് നഗരസഭകളിലും വികസന പദ്ധതികളെല്ലാം മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ദാരിദ്ര്യമില്ലാത്ത കേരളമാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗം, കയര്‍, കശുവണ്ടി, കൈത്തറി, മത്സ്യബന്ധന മേഖലകളിലെ ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. അഴിമതിയും കൊള്ളയും സ്വജന പക്ഷപാതവും അവസാനിപ്പിക്കും, അഞ്ചാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കും. അധികാരം തിരുവനന്തപുരത്തു കേന്ദ്രീകരിക്കുന്നതിന് പകരം ഗ്രാമങ്ങളിലേക്കു വഴിതിരിച്ചുവിടുമെന്നും ചെന്നിത്തല വിശദീകരിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകടന പത്രിക ഏറ്റുവാങ്ങി. ഇതിനു പുറമേ അതതു പ്രദേശത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രാദേശിക പ്രകടന പത്രിക തയാറാക്കി ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചതായി മുല്ലപ്പള്ളി പറഞ്ഞു.