എടത്വ : അപകട കെണിയായി തകഴി റെയില്‍വേ ക്രോസിംഗ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ തകഴി റെയില്‍വേ ക്രോസിംഗിലെ കോണ്‍ക്രീറ്റ് കേഡറിന്‍റെ കമ്പികളാണ് കോണ്‍ക്രീറ്റിന് പുറത്തായി അപകടകരമായ രീതിയില്‍ പൊങ്ങി നില്‍ക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലത്ത് ഉയര്‍ന്ന് നില്‍ക്കുന്ന കമ്പിയില്‍ ടയര്‍ ഉടക്കി പൊട്ടാന്‍ സാധ്യത ഏറെയാണ്. റോഡിന്‍റെ മധ്യത്തില്‍ നിരവധി ഭാഗങ്ങളിലായി കേഡറില്‍ നിന്ന് കമ്പികള്‍ പുറത്തായി നില്‍പ്പുണ്ട്.
ഹെവി ലോഡുമായി പോകുന്ന അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ ഉള്‍പ്പെടെ ടോറസോ, ടിപ്പര്‍ ലോറികളോ ക്രോസിംഗില്‍ വെച്ച് പഞ്ചറായാല്‍ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിന്‍ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയില്‍വേ പാളത്തിന്‍റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിര്‍ത്തി വെച്ചിരുന്നു. ക്രോസിംഗ് റോഡില്‍ കേഡറിന്‍റെ പുറത്തായി നില്‍ക്കുന്ന കമ്പി മാറ്റി അറ്റകുറ്റപണി ചെയ്യാന്‍ അധിക്യതർ തയ്യാറായില്ല. കമ്പി തെളിഞ്ഞ് നില്‍ക്കുന്നത് കൂടാതെ പാളത്തിന്‍റെ ഇരുവശങ്ങളിലേയും റോഡ് കുഴിയായി കിടക്കുകയാണ്.
ഇരുഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ക്രോസിംങ് റോഡിലെ ഗട്ടറിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ക്രോസിംങ് റോഡിലെ കമ്പി തെളിഞ്ഞു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കേഡര്‍ മാറ്റി പുതിയത് സ്ഥാപിച്ചില്ലങ്കില്‍ വന്‍ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചാല്‍ അടിയന്തിര ഘട്ടത്തില്‍ രോഗികളുമായി ആശുപത്രിയില്‍ എത്തേണ്ട ആംബുലന്‍സ് പോലും കുരുക്കില്‍ പെടും. ഇത് രോഗികളുടെ ജീവഹാനിക്കും സാധ്യതയുണ്ട്.
എ.സി റോഡ് നവീകരണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഏറെയായി അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ഗതാഗത തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. തകഴി റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക സംഘടനകളും നിരവധി തവണ റെയില്‍വേ അധിക്യതരെ സമീപിച്ചിരുന്നു. സംസ്ഥാന പാതയില്‍ വാഹന ഗതാഗതം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മേല്‍പ്പാലത്തിന് അനുമതി നിഷേധിക്കുന്നത്. പാത ഇരട്ടിപ്പ് കഴിഞ്ഞതോടെ ട്രയിന്‍ ഗതാഗതം കൂടുകയും മിക്ക സമയങ്ങളിലും ഗേറ്റ് അടച്ചിട്ട നിലയിലുമാണ്.
ഇതുമൂലം ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ വാഹനം ഉള്‍പ്പെടെ റോഡില്‍ കിടക്കാറുണ്ട്. ഇതുമൂലം അടിയന്തിരഘട്ടം തരണം ചെയ്യാന്‍ കഴിയാതെ വരുന്നതായി ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. തകഴി റെയില്‍വേ ക്രോസില്‍ മേല്‍പ്പാലം സ്ഥാപിച്ച് ഗതാഗത സുഗമമാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും മേല്‍പ്പാലം യാതാര്‍ത്ഥ്യമാകുന്നതുവരെ പുതിയ കേഡര്‍ സ്ഥാപിച്ച് ക്രോസിംഗ് റോഡിലെ കുഴികള്‍ അടച്ചു തരണമെന്നും കുട്ടനാട് നേച്ചര്‍ സൊസൈറ്റി നടത്തിയ പ്രതിഷേധ യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജയന്‍ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. അഡ്വ. വിനോദ് വര്‍ഗീസ്, ജേക്കബ് സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, ബില്‍ബി മാത്യു കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.