കാസര്‍ഗോഡ്: ക്വട്ടേഷനില്‍ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്ക് പങ്കുണ്ടെന്ന അധോലോക കുറ്റവാളി രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരി. ഹവാല ഇടപാടില്‍ കേരളത്തിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നായിരുന്നു രവി പൂജാരിയുടെ മൊഴി. ഇതു സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
കാസര്‍കോട് ബേവിഞ്ച വെടിവെയ്പ്പ് ഉള്‍പ്പടെയുള്ള കേസുകള്‍ സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പൂജാരിക്കെതിരെ രണ്ട് കേസുകളില്‍ കൂടി കാസര്‍ഗോഡ് രജിസ്റ്റര്‍ ചെയ്യുമെന്നും ടോമിന്‍ ജെ. തച്ചങ്കരി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇടനിലക്കാരായി നിന്ന രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
പത്ത് വര്‍ഷം മുന്‍പായിരുന്നു സംഭവം. ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബാക്കി രണ്ട് കോടി രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തുവെന്ന് രവി പൂജാരി ബെംഗളൂരു പൊലീസിനോടും ക്രൈം ബ്രാഞ്ചിനോടും വെളിപ്പെടുത്തിയിരുന്നു.