കോഴിക്കോട്: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് നഗരത്തിൽ കണ്ണായ സ്ഥലത്തുള്ള കോടികൾ വിലമതിക്കുന്ന ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറാനുള്ള നടപടികൾ തകൃതിയായി നടക്കുന്നു. ഭൂമിക്ക് കൂടുതൽ വില ലഭിക്കുന്നതിനും ബാങ്ക് ലോൺ അടക്കമുള്ളവക്ക് തടസ്സം നേരിടാതിരിക്കാനും ഭൂമി ചതുപ്പുനിലത്തിൽനിന്ന് തരംമാറ്റാൻ തഹസിൽദാർക്ക് അപേക്ഷ കൊടുത്തിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.ഇതിൽ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയാൽ ഉടൻ ഭൂമി തരംമാറ്റി നൽകും. ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാനും ഇത് അത്യാവശ്യമാണ്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ആസ്തി പതിയെ സ്വകാര്യ കരങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.
ടെർമിനൽ നിലനിൽക്കുന്നതും വഴിയുമടങ്ങുന്ന രണ്ടേകാൽ ഏക്കർ സ്ഥലമാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ടെർമിനൽ നിലനിൽക്കുന്ന സ്ഥലം വിട്ടുനൽകാൻ നേരത്തേ കെ.എസ്.ആർ.ടി.സി തയാറായിരിന്നു. എന്നാൽ, നിലവിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ കൂടി വിട്ടുകിട്ടണമെന്ന് കെ.ടി.ഡി.എഫ്.സി ശാഠ്യം പിടിച്ചതിനാലാണ് ഭൂമി കൈമാറ്റ നടപടികൾ വൈകിയത്. ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള സാധന സാമഗ്രികൾ കൊണ്ടുവരാനും തീപിടിത്തമോ മറ്റു സംഭവങ്ങളോ ഉണ്ടായാൽ അഗ്നിരക്ഷ സേനക്ക് കടന്നുവരണമെങ്കിലും ഷോപ്പിങ് കോംപ്ലക്സിനുള്ളിലേക്ക് വാഹനങ്ങൾ കയറ്റാനുള്ള വഴി വേണമെന്നായിരുന്നു കെ.ടി.ഡി.എഫ്.സിയുടെ വാദം.