കര്‍ണ്ണാടക: തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചലിലാണ് തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായത്.
തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പൂജാരിമാര്‍ താമസിച്ചിരുന്ന രണ്ട് വീടുകളില്‍ ബ്രഹ്മഗിരി കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടുകയായിരുന്നു. ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ വ്യാഴാഴ്ച രാവിലെ മാത്രമാണ് പുറംലോകം വിവരമറിഞ്ഞത്. കനത്ത മഴയും മഞ്ഞും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.