ഹൈദരാബാദ് : ചെലവിന് പണമില്ലാത്തതിനെ തുടർന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ യുവതി അറസ്റ്റിൽ. ഹൈദരാബാദിലെ ഹബീബ് നഗറിലാണ് സംഭവം. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്ന് കഴിയുകയായിരുന്ന യുവതി 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവത്തിന് പിന്നാലെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിൽക്കാൻ ഇടനിലക്കാരായി നിന്നവരെയും വാങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 11നാണ് ഹബീബ് നഗര്‍ പോലീസ് സ്റ്റേഷനിലെത്തിയ ഭര്‍ത്താവ് തന്റെ കുഞ്ഞിനെ ഭാര്യ വിറ്റുവെന്ന് പരാതി നൽകിയത്. 45,000 രൂപയ്ക്ക് കുഞ്ഞിനെ അയല്‍വാസികള്‍ക്കാണ് വിറ്റതെന്ന കാര്യവും ഇയാള്‍ പോലീസിനെ അറിയിച്ചു. നമ്പള്ളിയിലെ സുഭന്‍പുരയിലെ ദാറുവാല ബാര്‍ ആന്‍ഡ് റെസ്‌റ്റോറന്റൽ മാനേജരായി ജോലി നോക്കുകയാണ് ഇയാൾ. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി ഓഗസ്റ്റ് മൂന്നിന് വീട്ടിലേക്ക് പോയിരുന്നു.
ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ യുവതി ഏറെ അസ്വസ്ഥയായിരുന്നു. ചെലവിന് കയ്യില്‍ തുകയില്ലാതായതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ ഇവർ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് ആദ്യമാണ് കുഞ്ഞിനെ അയല്‍വാസിക്ക് വിറ്റത്. ഓഗസറ്റ് എട്ടിന് വീട്ടിലെത്തിയ ഭര്‍ത്താവ് മകനെ ചോദിച്ചപ്പോള്‍ കുഞ്ഞിനെ വിറ്റകാര്യം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അയല്‍വാസിയുടെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഭര്‍ത്താവിന്റെ കുടുംബത്തിന് പോലീസ് കൈമാറി.