കണ്ണൂര്‍: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തിനെതിരെ വിയോജിപ്പുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണ്ണമായി ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘രാജ്യത്തിന്റെ വൈവിധ്യങ്ങളേയും മതപരമായ പ്രത്യേകതകളേയും ഉള്‍ക്കൊള്ളണം. ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും മറ്റ് മതസ്ഥരും മതമില്ലാത്തവരും എന്ന വ്യത്യാസം മാത്രമല്ല, ഹൈന്ദവ വിഭാഗത്തില്‍തന്നെ വലിയ വൈവിധ്യമുണ്ട്’- പാംപ്ലാനി പറഞ്ഞു. ‘മറ്റ് മതങ്ങളുമായി ഉള്ളതിനേക്കാള്‍ കൂടുതല്‍ വ്യത്യാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട്, ഏക സിവില്‍ കോഡെന്ന സാങ്കല്‍പിക പദം മാറ്റിവെച്ച് യഥാര്‍ഥത്തില്‍ എന്താണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത് എന്ന് ജനാധിപത്യപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ ആദ്യം പരിശ്രമിക്കേണ്ടത്.- തലശ്ശേരി ബിഷപ്പ് അഭിപ്രായപ്പെട്ടു.