കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഘോര്‍ പ്രവിശ്യയില്‍ ഗര്‍ഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ വെടിവച്ചുകൊന്നു. ജയിലില്‍ സുരക്ഷാചുമതല ഉണ്ടായിരുന്ന ബാനു നെഗറിനെയാണ് വീട്ടില്‍ക്കയറി ബന്ധുക്കളുടെ മുന്നില്‍ വച്ച് വെടിവെച്ചത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അന്വേഷണം നടത്തുമെന്ന് താലിബാന്‍ അറിയിച്ചു. രാജ്യത്ത് രണ്ടിടത്തായി നടന്ന സ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെ പേര്‍ക്ക് പരക്കേറ്റു.
അതിനിടെ പാഞ്ച്ശീര്‍ പ്രവിശ്യയില്‍ ശക്തമായ പോരാട്ടം തുടരുകയാണ്. പ്രവിശ്യയിലെ ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നല്‍കിയെന്ന് പ്രതിരോധ സേനയും അവകാശപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. താലിബാന്‍ നേതാവ് മുല്ലാ ബറാദര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളില്‍ തുടരുന്നുണ്ട്.