ദില്ലി : താനെയിലെ കൂട്ട പീഡനക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. നേവി മുംബൈയിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 28 ആയി. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. 15 വയസ്സുകാരിയെ 8 മാസത്തിനിടെ ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. പ്രതികളിൽ പ്രായപൂർത്തി ആവാത്തവരും ഉൾപ്പെട്ടിട്ടുണ്ട്. ജനുവരി മുതൽ സെപ്റ്റംബർ വരെയാണ് പെൺകുട്ടി പീഡനത്തിനിരയായത്.
ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പീഡനം തുടർന്നത്. പെൺകുട്ടി പരാതിയുമായി മാൻപട പോലീസ് സ്റ്റേഷനിൽ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പീഡനത്തിനിരയാക്കിയവരുടെ പേര് വിവരങ്ങൾ പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്ന് അഡീഷണൽ കമ്മീഷണർ ദത്താട്രേ കരാളേ പറഞ്ഞു. പ്രതികളിൽ രണ്ട് പേർക്ക് പ്രായപൂർത്തിയായിട്ടില്ല. പ്രതികൾ വിവിധയിടങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗം, പോക്‌സോ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എസിപി സൊനാലി ഡോളെയ്ക്കാണ് അന്വേഷണ ചുമതല.