തണ്ണിത്തോട് : കെ.എസ്.ആർ.ടി.സി. തണ്ണിത്തോട് പഞ്ചായത്തിലേക്ക് നടത്തിയിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സേവ് കെ.എസ്.ആർ.ടി.സി. സമരസമിതി സമരപ്രഖ്യാപന കൺവെൻഷൻ നടത്തി. ഫെബ്രുവരി നാലിന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലേക്ക് ബഹുജനമാർച്ച് നടത്താനും തീരുമാനിച്ചു. തണ്ണിത്തോട് ഗ്രാമപ്പഞ്ചായത്തിലെ പ്രായംകൂടിയവരിൽ ഒരാളായ ചെല്ലമ്മ ആശാട്ടിയമ്മ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ തണ്ണിത്തോട് അധ്യക്ഷത വഹിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം പി.ആർ.ഗോപിനാഥൻ, സി.പി.എം. മുൻ ഏരിയ കമ്മിറ്റിയംഗം എൻ.ലാലാജി, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.സന്തോഷ്, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി സജി കളക്കാട്, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ.ഗോപി, കെ.എ.കുട്ടപ്പൻ, ജോയി ചിറ്റരിക്കൽ, തണ്ണിത്തോട് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജോൺ പീറ്റർ, തേക്കുതോട് ഓർത്തഡോക്സ് പള്ളി വികാരി ഫാ.ജിബിൻ, കെ.വി.എം.എസ്. സെക്രട്ടറി പി.സി. ഗോപാലകൃഷ്ണൻ, ശ്രീജിത്ത് കറുകയിൽ എന്നിവർ പ്രസംഗിച്ചു. 60 അംഗ ജനകീയ സമിതിയുടെ ഭാരവാഹികളായി ജയകൃഷ്ണൻ തണ്ണിത്തോട് (കൺവീനർ), ശ്രീജിത്ത് കറുകയിൽ (ചെയർമാൻ), അഖിൽ മേലൂട്ട് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.