കോന്നി : തണ്ണിത്തോട് ചിറ്റാര്‍ റോഡ് തകര്‍ച്ച യാത്രക്കാരെ വലയ്ക്കുന്നു. നീലിപിലാവില്‍ നിന്നും തുടങ്ങുന്ന ഭാഗമാണ് റോഡ് ഏറെയും തകര്‍ന്നിട്ടുള്ളത്. റോഡ് പുനർ നിർമ്മിക്കാൻ കിഫ്‌ബി വഴി ഫണ്ട് അനുവദിക്കാൻ ടെണ്ടർ നടപടികൾ പൂർത്തിയായതായാണ് അധികൃതർ പറയുന്നത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ല. ശബരിമല മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തര്‍ കാല്‍ നടയായും അല്ലാതെയും യാത്രചെയ്യുന്നതാണ് തണ്ണിത്തോട് – ചിറ്റാര്‍ റോഡ്. കൂടാതെ ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി, ഗവി, മണിയാർ ഭാഗത്തേക്ക് പോകുന്നവരും ഇതേ റോഡിനെ ആശ്രയിക്കുന്നുണ്ട്. റോഡിന്‍റെ പലയിടങ്ങളിലും നടുഭാഗത്ത് ടാറിംഗ് ഇളകിമാറി വലിയ ഗട്ടറുകള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡിന് ഇരുവശത്തും ഓട നിര്‍മ്മിക്കാത്തത് മൂലം മഴക്കാലത്ത് റോഡിലൂടെ വെള്ളമൊഴുകുന്നതും റോഡ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതായി നാട്ടുകാര്‍ പറയുന്നു. തണ്ണിത്തോട് പഞ്ചായത്തിലുള്ള ആളുകളും റോഡിനെ ദിവസേനെ ആശ്രയിക്കുന്നുണ്ട്.
റോഡില്‍ പലയിടങ്ങളിലും കൊടും വളവുകളാണ് ഉള്ളത്. ഇവിടെ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും നടപ്പാകുന്നില്ല. കാര്‍, ഇരുചക്ര വാഹനങ്ങള്‍, ബസുകള്‍ തുടങ്ങി നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ചെറിയ വാഹനങ്ങളാണ് ഗട്ടറില്‍ ഏറെ ബുദ്ധിമുട്ടുന്നതും. റോഡിലെ ഇറക്കമുള്ള ഭാഗത്താണ് കൂടുതലും ടാറിംഗ് ഇളകിമാറിയിട്ടുള്ളത് എന്നതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുവാനുള്ള സാധ്യതയും ഏറെയാണ്. വര്‍ഷങ്ങളായി റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടെന്നും നാട്ടുകാര്‍ പറയുന്നു. റോഡില്‍ ടാറിംഗ് ഇളകിമാറിയത് മൂലം നിരന്ന് കിടക്കുന്ന ചരലുകള്‍ ബൈക്ക് യാത്രക്കാര്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മുന്‍പ് റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ റോഡിന് ഇരുവശവും ഓട നിര്‍മ്മിക്കാഞ്ഞതും വലിയ ന്യൂനതയാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നും യാത്രക്കാർ ആവശ്യപെട്ടു.