കോന്നി : തണ്ണിത്തോട്ടിൽ കൊവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ വീടിന് നേരേ ആക്രമണം. ചൊവ്വാഴ്ച (ഇന്ന്) രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. കോയമ്പത്തൂരിൽ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ പെൺകുട്ടി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടിനുള്ളിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇതിനിടയില്‍ പെൺകുട്ടിയുടെ അച്ഛനെ സമൂഹ മാധ്യമങ്ങളിൽ കൂടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചിരുന്നു. കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിലൂടെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെതിരെയായിരുന്നു പരാതി. ഇതിനെത്തുടര്‍ന്നുള്ള വൈരാഗ്യമാകാം അക്രമത്തിനു പിന്നിലെന്ന് കരുതുന്നു. സംഭവത്തിൽ തണ്ണിത്തോട് പോലീസ് അന്വേഷണം ആരംഭിച്ചു.