കോന്നി : കൃത്യ സമയത്ത് ആംബുലൻസ് ലഭിക്കാതെ വന്നതോടെ രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ ആദിവാസി യുവതിയെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായിരിക്കുകയാണ് തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. തണ്ണിത്തോട് മൂഴിയിൽ വാടകക്ക് താമസിക്കുന്ന പുളിഞ്ചാൽ അമ്പിളിദേവി (27)യെ ആണ് തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് യുവതിക്ക് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയുടെ ഭർത്താവ് ബേബി തണ്ണിത്തോട് പോലീസിൽ സഹായമഭ്യര്‍ധിച്ചു എത്തിയത്. അവശ നിലയിലായ യുവതിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചു എങ്കിലും കൃത്യ സമയത്ത് ആംബുലൻസ് സേവനം ലഭ്യമാകാതെ വന്നതോടെ ഈ ദൗത്യം തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥർ ഏറ്റെടുക്കുകയായിരുന്നു.
പോലീസ് വാഹനം വീടിന് അടുത്തേക്ക് എത്താതെ വന്നതിനാൽ പോലീസ് സ്ഥലത്ത് എത്തി പായിൽ കിടത്തിയാണ് യുവതിയെ ജീപ്പിന് അടുത്തേക്ക് എത്തിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ച യുവതിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണ്ണിത്തോട് പോലീസ് സ്റ്റേഷൻ എ എസ് ഐ ശിവപ്രസാദ്, സി പി ഒ മാരായ സുരേഷ്, അജിത്, അരുൺ എന്നിവർ ചേർന്നാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. യുവതി അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.