കോന്നി : മികച്ച സൗകര്യങ്ങളോടെ തണ്ണിത്തോട് മാതൃകാ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. തണ്ണിത്തോട് – കോന്നി റോഡിൽ മുണ്ടോംമൂഴിക്ക് സമീപത്തായാണ് പുതിയ ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നത്. മൂന്ന് വർഷത്തോളമായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ട്. നബാർഡ് പദ്ധതിയിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ.
ലോക്ഡൌൺ അടക്കമുള്ള കാരണങ്ങളാൽ നിർമ്മാണം കുറച്ച് നാൾ നിർത്തി വെച്ചിരുന്നു. ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടവും ഡോർമെറ്ററിയും നിർമ്മിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. പെയിന്റിംഗ് ജോലികൾ ഇനിയും തീരാനുണ്ട്. ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, വനിതാ ജീവനക്കാർ എന്നിവർക്ക് മുറികളും ശുചിമുറികളും നിർമ്മിച്ചിട്ടുണ്ട്. സിറ്റ് ഔട്ട്, റിക്കാർഡ് റൂം, സ്ട്രോംഗ് റൂം, സെൽ, ഹാൾ, സന്ദർശക മുറി എന്നിവയും കെട്ടിടത്തിലുണ്ട്. ഡോർമെറ്ററി കെട്ടിടത്തിൽ ഓരോ നിലയിലും നാല് കിടപ്പുമുറികളും അതോടനുബന്ധിച്ച് ശുചി മുറികളുമുണ്ട്. കൂടാതെ അടുക്കള, വരാന്ത എന്നിവയും പൊതുവായി രണ്ട് ശുചിമുറികളും ഉണ്ട്.
കെട്ടിടങ്ങൾ പൂർത്തിയായതോടെ ഇവിടേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിച്ചു. വൈദ്യുതി ലൈനുകളും വലിച്ചിട്ടുണ്ട്. വൈകാതെ കണക്ഷൻ ലഭിക്കും. സംരക്ഷഭിത്തി, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണവും നടക്കുന്നു. ഗേറ്റ്, മുറ്റത്ത് ഇന്റർലോക്ക് സ്ഥാപിക്കൽ, സൌരോർജ്ജ വേലി സ്ഥാപിക്കൽ എന്നിവയും പൂർത്തീകരിക്കാനുണ്ട്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുമെന്നും അധികൃതർ പറഞ്ഞു.