പത്തനംതിട്ട : ലോക്ക് ഡൗണിന്റെ പേരിൽ തണ്ണിത്തോട്ടിൽ ക്വാറിന്റീനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ കേസ് എടുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അപഹാസ്യവും നിതി നിഷേധത്തിന്റ പ്രത്യക്ഷ ഉദാഹരണവുമാണന്നു കെപിസിസി അംഗം പി. മോഹൻരാജ് പറഞ്ഞു. സ്വന്തം പ്രവര്‍ത്തനം കൊണ്ട് കഴിവുതെളിയിച്ച ജില്ലാ കളക്ടര്‍ ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കുവാന്‍ മനസാക്ഷിയുള്ള ആര്‍ക്കും കഴിയില്ലെന്നും മോഹന്‍രാജ് പറഞ്ഞു.
അധികാരത്തിന്റെ മത്തു ബാധിച്ച സിപിഎം നേതാക്കൾ കഴിഞ്ഞ കുറെ നാളുകളായി കോവിഡിന്റെ മറവിൽ ഗുണ്ടായിസം അഴിച്ചു വിടുകയാണ്. ഗ്രാമ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളക്കെതിരെ പാർട്ടി അടുക്കള തുടങ്ങിയത് നിർത്തേണ്ടി വന്നതിന്റെ ജാള്യത മറക്കാൻ വേണ്ടിയാണ് ക്വാറന്റൈനിൽ കഴിയുന്ന പെൺകുട്ടിക്ക് എതിരെ സാമൂഹിക മനസാക്ഷിയെ ഞെട്ടിച്ച അക്രമം നടത്തിയത്.
ക്വാറന്റൈനിൽ കഴിയുന്ന കുട്ടിയുടെ വീടിന്റ അടുക്കള വശത്തെ കതക് ചവിട്ടി പൊളിച്ചു വീടിനകത്തു അതിക്രമിച്ചു കടന്ന സിപിഎം നേതാക്കൾക്കെതിരെ കേസ് ഇല്ല. നിരാഹാരം ഇരിക്കാൻ തീരുമാനിച്ച കുട്ടി, വീട്ടു മുറ്റത്ത് മാധ്യമങ്ങളെ കണ്ടത് കേസ് ആക്കാൻ നിർദേശം നൽകിയ ജില്ലാ ഭരണകൂടത്തിന്റെ മുൻപിലൂടെ ക്വാറന്റൈനിലുള്ള ആളുകൾ പൊതു ഇടങ്ങളിൽ യാത്ര ചെയ്തത് കണ്ടില്ല. അവർക്കെതിരെ ഒന്നും ഇല്ലാത്ത കേസ് തണ്ണിത്തോട്ടിലെ പെൺകുട്ടിക്കെതിരെ എടുക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ വിരോധം തീർക്കാൻ വേണ്ടിയാണ്. ഇതിന് ജില്ലാ കളക്ടര്‍ കൂട്ടു നില്‍ക്കുകയാണ്. രാഷ്ട്രീയ വിരോധം തീർക്കാൻ ഈ കോവിഡ് കാലത്തെ ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടാൻ നിയമ ലംഘനം നടത്തി സമരം നടത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മടിച്ചു നില്കില്ലെന്ന് പി. മോഹൻരാജ് മുന്നറിയിപ്പ് നൽകി .