കോന്നി : തണ്ണിത്തോട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടിക്കും കുടുംബത്തിനുമെതിരായി പോസ്റ്റുകളും ശബ്ദ സന്ദേശങ്ങളും പ്രചരിപ്പിക്കപ്പെട്ട ഗ്രൂപ്പിൽ കൊഴിഞ്ഞുപോക്കും പിരിച്ചുവിടലും. തണ്ണിത്തോട് മാഗസിൻ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അംഗങ്ങളെ പിരിച്ചുവിടാനും ആളുകൾ ഗ്രൂപ്പിൽ നിന്ന് സ്വയം ഇറങ്ങി പോകുവാനും തുടങ്ങിയത്. പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം വിവാദമായതിനെ തുടർന്ന് ഗ്രൂപ്പില്‍ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു.
സി പി എം പ്രവർത്തകരായ അഞ്ച് അഡ്മിൻമാരാണ് ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത്. 249 പേരാണ് ആദ്യ ഘട്ടങ്ങളിൽ ഗ്രൂപ്പിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് കൊഴിഞ്ഞ് പോക്കും പിരിച്ച് വിടലും കൂടി ആയപ്പോൾ ഇത് 232 പേരായി ചുരുങ്ങി. സംഭവത്തിൽ പ്രതികളായ ജിൻസൻ, നവീൻ, രാജേഷ് തുടങ്ങിയവർ സ്വയം ഗ്രൂപ്പിൽ നിന്ന് ഒഴിവായി. ഏഴ് പേർ ഗ്രൂപ്പിൽ നിന്ന് ഒഴിഞ്ഞ് പോവുകയും പതിമൂന്ന് പേരെ ഗ്രൂപ്പ് അഡ്മിൻ തന്നെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ വീട് ആക്രമിച്ച സംഭവം വിവാദമായതോടെ കേസിൽ നിന്ന് രക്ഷപെടുന്നതിനാവാം ഇത്തരം ഒഴിഞ്ഞ് പോക്കെന്നും കൂട്ട പിരിച്ച് വിടലെന്നും കരുതുന്നു.
കോയമ്പത്തൂരിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി കഴിഞ്ഞ പതിനേഴിനാണ് നാട്ടിലെത്തുന്നത്. തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പ്രതികൾ സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ പിതാവിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പിതാവിനെ അപായപ്പെടുത്തുമെന്ന് ശബ്ദ സന്ദേശമയച്ചെന്ന് കാണിച്ച് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി അയച്ചിരുന്നു. ഇതിനെ തുടർന്ന് സി പി എം പ്രവർത്തകരായ പ്രതികൾ രാത്രിയിൽ പെൺകുട്ടിയുടെ വീട് ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ പോലീസ് ഒത്തുകളിച്ചുകൊണ്ട് തീരെ നിസ്സാരമായ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും ജാമ്യത്തില്‍ വിട്ടതെന്നും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴി പോലീസ് തിരുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞു.
ഇതില്‍ പ്രതിഷേധിച്ച് പെൺകുട്ടി നിരാഹാരമനുഷ്ടിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി നൽകിയ മൊഴിയല്ല തണ്ണിത്തോട് പോലീസ് രേഖപ്പെടുത്തിയതെന്നും ഇവർ ആരോപിച്ചു. തുടർന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡി വൈ എസ് പി സ്ഥലത്തെത്തി പുതിയ മൊഴി രേഖപ്പെടുത്തി. പെൺകുട്ടി കൊറൻ്റെൻ ലംഘിച്ച് വീടിന് പുറത്തിറങ്ങി സമരം നടത്തിയ സംഭവത്തിൽ പെൺകുട്ടിക്കെതിരെ ആരോഗ്യ വകുപ്പും കേസ് രജിസ്റ്റർ ചെയ്തു. ഇത് ഇപ്പോള്‍ വിവാദം ആയിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഈ വിഷയത്തില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും പിന്തുണ നല്‍കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സമരവും ഇന്ന് ആരംഭിച്ചുകഴിഞ്ഞു.