കോന്നി : തണ്ണിത്തോട്ടിൽ വീണ്ടും കോട പിടിച്ചു. ലോക്ഡൌൺ കാലത്ത് വ്യാജവാറ്റ് തടയുവാൻ എക്സൈസ് വകുപ്പ് തണ്ണിത്തോട്ടിൽ പരിശോധന കർശനമാക്കിയതോടെ നാനൂറ് ലിറ്ററോളം കോടയാണ് ഒരാഴ്ച്ചയ്ക്കുള്ളിൽ പിടിച്ചെടുത്ത് നശിപ്പിച്ചത്.
എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിൽ ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനകൾ ഏറെയും നടക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ എക്സൈസ് കോന്നി റേഞ്ച് അധികൃതർ തണ്ണിത്തോട് വി കെ പാറയിൽ നടത്തിയ പരിശോധനയിൽ പാറത്തുണ്ടിയിൽ വീട്ടിൽ റെജി (45)യുടെ പറമ്പിൽ ബാരലിൽ സൂക്ഷിച്ചിരുന്ന അൻപത് ലിറ്റർ കോട പിടിച്ചെടുത്തു. വീടിന്റെ തൊട്ടുമുൻപിലുള്ള പറമ്പിൽ ചപ്പുചവറുകൾ ഇട്ട് മൂടിയ നിലയിലാണ് കോട കണ്ടെത്തിയത്. പരിശോധനക്കിടയിൽ പ്രതി ഓടി രക്ഷപെട്ടതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
ഇയാൾക്കെതിരെ എക്സൈസ് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. റെയ്ഡിൽ വനിതാ സി ഇ ഓ രജിത ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ് സലീം, മുകേഷ് എം, രാഹുൽ വി എസ് തുടങ്ങിയവർ പങ്കെടുത്തു. മുമ്പ് തണ്ണിത്തോട് ഇടക്കണ്ണം വി കെ പാറ എന്നിവിടങ്ങളിലും എക്സൈസ് കോട കണ്ടെത്തിയിരുന്നു. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 9400069482 ഈ നമ്പറിൽ ബന്ധപ്പെടാമെന്നും എക്സൈസ് അറിയിച്ചു.